ഇതാ ഖുറേഷി അബ്രാമിന്റെ രാജകീയ വരവ്! എന്പുരാൻ ഫസ്റ്റ് ലുക്കുമായി പൃഥ്വിരാജ്
Tuesday, May 21, 2024 9:19 AM IST
എന്പുരാനിലെ മോഹൻലാലിന്റെ ഫസ്റ്റ്ലുക്ക് പിറന്നാൾദിനത്തിൽ പുറത്തുവിട്ട് പൃഥ്വിരാജ്. മോഹൻലാലിന് ജൻമദിനാശംസകൾ നേർന്നാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
ഖുറേഷി അബ്രാമിന്റെ ഒന്നൊന്നര വരവാണ് ചിത്രത്തിലേതെന്ന് നിസംശയം പറയാൻ സാധിക്കുന്നതാണ് പോസ്റ്ററിലെ ലുക്ക്. ബ്ലാക്ക് ഷർട്ടും ജാക്കറ്റുമണിഞ്ഞ് നിരവധി ബോഡിഗാർഡുകളുടെ നടുവിലൂടെയാണ് മോഹൻലാലിന്റെ വരവ്.
രാജകീയമാണ് ആ വരവ് എന്നാണ് ആരാധകർ കുറിക്കുന്നത്. മോഹൻലാലും ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ഖുറേഷി അബ്രാം, എൽ2,എംപുരാൻ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയുള്ള എന്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. 150 കോടി രൂപയാണ് സിനിമയുടെ ആദ്യം പ്രഖ്യാപിച്ച് ബജറ്റെങ്കിലും അതും കടന്നുപോകുമെന്നാണ് റിപ്പോർട്ടുകൾ.
ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലൈകയും ചേർന്നാണ് സിനിമയ്ക്കായി പണം മുടക്കുന്നത്.
മുരളി ഗോപിയാണു കഥയും തിരക്കഥയും ഒരുക്കുന്നത്. മഞ്ജു വാര്യർ, ടൊവീനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പുതിയ കഥാപാത്രങ്ങൾ.