കാനിൽ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്
Saturday, May 25, 2024 9:13 AM IST
കാൻ ചലച്ചിത്രമേളയിൽ ശ്രദ്ധയാകർഷിച്ച് മലയാളി താരം കനി കുസൃതിയുടെ തണ്ണിമത്തൻ ബാഗ്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരത്തിന്റെ ബാഗ്.
മൂന്ന് പതിറ്റാണ്ടിന് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ സിനിമ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിനെ പ്രതിനിധീകരിച്ചാണ് കനിയും ദിവ്യപ്രഭയും മലയാളത്തിന് അഭിമാനമായി കാനിന്റെ റെഡ്കാർപെറ്റിൽ എത്തിയത്. ചിത്രത്തിലെ അഭിനേതാക്കളാണ് ഇരുവരും.
ഐവറി നിറത്തിലുള്ള ഗൗണില്‍ കാനിലെത്തിയ കനിയെ പക്ഷേ, കൂടുതല്‍ ശ്രദ്ധേയമാക്കിയത് കൈയില്‍ പിടിച്ച ബാഗ് ആയിരുന്നു. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി, പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന തണ്ണിമത്തന്റെ ഡിസെനില്‍ ആയിരുന്നു ബാഗ്. ബാഗ് ഉയര്‍ത്തി നില്ക്കുന്ന കനിയുടെ ചിത്രം ഇതിനകം പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായിരുന്നു തണ്ണി മത്തന്‍. ലോക വ്യാപകമായി പലസ്തീന് അനുകൂല റാലികളിലെല്ലാം തണ്ണിമത്തന്റെ ചിത്രങ്ങളോട് കൂടിയ കൊടികളും ഫ്ളക്സുകളും ഇമോജികളും പ്രചരിച്ചിരുന്നു.
തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, കറുപ്പ്, പച്ച എന്നിവയാണ് പലസ്തീന് പതാകയിലുള്ള നിറങ്ങള്‍.
പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ധു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവരും റെഡ് കാർപ്പറ്റിൽ ചുവടുവച്ചു.
ഇന്ത്യൻ താരങ്ങളെ ആവേശത്തോടെയാണ് കാൻ ഫെസ്റ്റിവലിൽ സ്വീകരിച്ചത്. മത്സരവിഭാഗത്തിൽ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചിത്രം കണ്ട മാധ്യമ പ്രവർത്തകരും നിരൂപകരും ട്വീറ്റ് ചെയ്തു.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം പറയുന്നത്. കാൻ മത്സരത്തിൽ സിനിമ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ സംവിധായികയാണ് കപാഡിയ.
അതേസമയം തന്നെ മൂന്ന് പതിറ്റാണ്ടിനിടെ മത്സര രംഗത്തെത്തുന്ന ആദ്യ ഇന്ത്യൻ പ്രൊഡക്ഷന്‍ കൂടിയാണിത്. 1994-ൽ ഷാജി എൻ. കരുൺ സംവിധാനം ചെയ്ത "സ്വം' ആണ് ഇതിനു മുൻപ് ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം.