രാജിക്ക് മുൻപേ മമ്മൂട്ടിയോട് ഫോണിൽ സംസാരിച്ച് മോഹൻലാൽ
Tuesday, August 27, 2024 3:58 PM IST
പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് മനസിൽ ഉറപ്പിച്ചിരുന്നെങ്കിലും ആദ്യം ഇക്കാര്യം പറയാനായി മോഹൻലാൽ വിളിച്ചത് മമ്മൂട്ടിയെയാണ്. രാജിയാണ് നല്ലതെന്ന് മമ്മൂട്ടി കൂടി അഭിപ്രായപ്പെട്ടതോടെയാണ് മോഹൻലാൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് മുൻപിൽ രാജിവയ്ക്കുകയാണെന്ന് അറിയിച്ചത്. കമ്മിറ്റിക്ക് മുൻപിൽ ആദ്യം രാജി തീരുമാനം അറിയിച്ചതും മോഹൻലാലാണ്. പിന്നീടാണ് മറ്റു 16 അംഗങ്ങളും അതേ നിലപാട് സ്വീകരിക്കാൻ തയാറായത്.
നേരത്തെ പലതവണ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് മോഹൻലാൽ സ്വയം ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ നേതൃസ്ഥാനത്ത് മോഹൻലാൽ വേണമെന്ന അമ്മയിലെ പൊതു അഭിപ്രായം മുഖവിലയ്ക്കെടുത്താണ് അദ്ദേഹം തുടർന്നത്. ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവച്ച സമയത്തും മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചതാണ്.
പകരം യുവതലമുറയിലെ പൃഥ്വിരാജോ കുഞ്ചാക്കോ ബോബനോ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഷൂട്ടിംഗ് മറ്റു തിരക്കുകളുമായതിനാൽ ഇവർ നേതൃസ്ഥാനത്തേക്കില്ലെന്ന് ഉറപ്പിച്ചതോടെയാണ് മോഹൻലാൽ വീണ്ടും മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി സ്ഥാനത്ത് തുടർന്നത്.
സംഘടനയ്ക്കും നേതൃത്വത്തിനും എതിരേ ഉയർന്ന ആരോപണങ്ങളിൽ മോഹൻലാൽ വികാരാധീനനായാണ് ഇടപ്പെട്ടത്. താരത്തെ പിന്തിരിപ്പിക്കാൻ ഇന്നും പലരും ശ്രമിച്ചെങ്കിലും ഉറച്ച തീരുമാനവുമായാണ് ചെന്നൈയിൽ നിന്നും ഓൺലൈനായി താരം യോഗത്തിൽ പങ്കെടുത്തത്.