എന്റെ പ്രിയ സഹോദരൻ ഓർമയായി: ഗാന്ധിമതി ബാലന് അന്ത്യാജ്ഞലിയുമായി മോഹൻലാൽ
Thursday, April 11, 2024 10:02 AM IST
ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലന് അന്ത്യാജ്ഞലിയുമായി മോഹൻലാൽ. മലയാളം നെഞ്ചോടു ചേർത്ത ചിത്രങ്ങൾക്ക് പിന്നിലെ അശ്രാന്ത പരിശ്രമം ബാലന്റേതായിരുന്നുവെന്നും വ്യക്തിപരമായി തനിക്ക് ഏറെ നഷ്ടമാണ് വിയോഗം ഉണ്ടാക്കിയിരിക്കുന്നതെന്നുമാണ് മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചത്.
പ്രിയപ്പെട്ട ഗാന്ധിമതി ബാലൻ ഓർമ്മയായി. തൂവാനത്തുമ്പികൾ അടക്കം ഒട്ടേറെ ക്ലാസിക്കുകൾ മലയാളത്തിന് സമ്മാനിച്ച എന്റെ പ്രിയ സഹോദരൻ. മലയാളം നെഞ്ചോടുചേർത്ത എത്രയെത്ര ചിത്രങ്ങൾക്കുപിന്നിൽ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും ആദ്യാവസാന സാന്നിധ്യവും ഉണ്ടായിരുന്നു.
സൗമ്യനും അതിലേറെ സ്നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി എനിക്കും മലയാളസിനിമക്കും നഷ്ടമായിരിക്കുന്നത്. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
ബുധനാഴ്ചയാണ് ഗാന്ധിമതി ബാലൻ ഓർമയായത്. കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലാസിക് മലയാളം സിനിമകളുടെ നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു.
ആദ്യ സിനിമയായ ഇത്തിരി നേരം ഒത്തിരി കാര്യം, ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം , തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങി 30 ഓളം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു.