ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി: സുചിത്രയ്ക്കൊപ്പം മകന്റെ ചിത്രം കണ്ട് മോഹൻലാൽ
Tuesday, April 16, 2024 4:02 PM IST
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘വർഷങ്ങൾക്കു ശേഷം’ സിനിമ കണ്ട് മോഹൻലാല്‍. ഭാര്യ സുചിത്രയ്ക്കൊപ്പം ചെന്നൈയിലെ വീട്ടിലിരുന്നാണ് മോഹൻലാൽ സിനിമ കണ്ടത്.
സിനിമ കണ്ടപ്പോൾ താനും പഴയ കാലങ്ങളിലേക്ക് പോയെന്നും അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്കു നടുവിൽ നിന്ന് അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം.
വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി.
കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്.
അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി (ഫിലോസഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ സന്ദി, സ്നേപൂർവം മോഹൻലാൽ.
സിനിമ റിലീസ് ചെയ്തപ്പോൾ മോഹൻലാൽ ഹൈദരബാദിൽ ഷൂട്ടിംഗിലായിരുന്നു. സുചിത്ര മോഹൻലാൽ സിനിമയുടെ റിലീസ് ദിനം തന്നെ കൊച്ചിയിലെ തിയറ്ററിലെത്തി സിനിമ കണ്ടിരുന്നു.