ജോഷ്വാ ട്രെയിലർ പുറത്തുവിട്ട് ഗൗതം മേനോൻ; ധ്രുവനച്ചിത്തിരം പെട്ടിയിൽ തന്നെ
Wednesday, February 28, 2024 11:57 AM IST
രണ്ട് വർഷം മുമ്പ് പൂർത്തിയായ ജോഷ്വാ ഇമൈ പോൽ കാക്ക എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി ഗൗതം മേനോന്. വരുൺ കൃഷ്ണയെ നായകനാക്കി ഒരുക്കിയ ചിത്രം ഗൗതം മേനോൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം അടുത്തമാസം റിലീസിനൊരുങ്ങുകയാണ്. ചിത്രം 2017ൽ അരുൺ വിജയ്യെ നായകനാക്കി ഗൗതം മേനോൻ പ്രഖ്യാപിച്ചതാണ്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങളാൽ സിനിമ പിന്നീട് ഉപേക്ഷിച്ചു.
പുതിയ നിർമാതാവ് ആയ ഇഷാരി കെ. ഗണേഷ് ചിത്രം ഏറ്റെടുത്തപ്പോൾ അദ്ദേഹത്തിന്റെ ബന്ധുവായ വരുൺ ചിത്രത്തില്‍ നായകനായി എത്തുകയായിരുന്നു.
2020-ൽ റിലീസിനു പദ്ധതിയിട്ടിരുന്ന ചിത്രമാണിത്. എന്നാൽ കോവിഡ് സാഹചര്യങ്ങൾ മൂലം പ്രൊഡക്ഷൻ നീണ്ടു. ഇപ്പോൾ മാർച്ച് ഒന്നിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ഗൗതം മേനോൻ പ്രഖ്യാപിച്ചിരിക്കുന്നത്.
റാഹെയാണ് ചിത്രത്തിൽ നായിക. കൃഷ്ണ, യോഗി ബാബു, മൻസൂർ അലിഖാൻ, വിചിത്ര, ദിവ്യദർശിനി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അതേസമയം എട്ടുവർഷം പിന്നിട്ടിട്ടും വിക്രം നായകനായ ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരം ഇപ്പോഴും പെട്ടിയിൽ തന്നെയാണ്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016-ലാണ് ആരംഭിക്കുന്നത്.
ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തിവയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ സിനിമയുടെ റിലീസ് എല്ലാം തീരുമാനിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ അതും മാറ്റിവച്ചു.
ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.