വണങ്കാൻ എന്ന ചിത്രത്തിൽ നിന്നും സൂര്യ പിൻമാറാൻ കാരണം സംവിധായകൻ ബാലയുമായി ഒരു തരത്തിലും ഒത്തു പോകാൻ സാധിക്കാതെ വന്നതോടെയാണെന്നു വെളിപ്പെടുത്തി ബാലു എന്ന മാധ്യമപ്രവർത്തകൻ.
വർഷങ്ങൾക്കു മുൻപെടുത്ത അതേ ശൈലിയും സമീപനവുമാണ് ബാല സൂര്യയുടെ അടുത്ത് സ്വീകരിച്ചതെന്നും എന്നാൽ ഒട്ടും സഹിക്കാൻ കഴിയാതെ വന്നതോടയൊണ് സൂര്യ പിൻമാറിയതെന്നും അദ്ദേഹം പറയുന്നു.
തല്ലിപ്പഴുപ്പിച്ച് ആണെങ്കിലും അഭിനേതാക്കളിൽനിന്നു വേണ്ടത് ഊറ്റിയെടുക്കുക എന്ന ശൈലിയാണ് ബാല പലപ്പോഴും സ്വീകരിക്കാറുള്ളതെന്നും അതേ സമീപനമാണ് സൂര്യയോടും സ്വീകരിച്ചതെന്നും ബാലു പറയുന്നു.
തന്റെ സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കാതെ ഇടപഴകുന്ന സംവിധായകനാണ് ബാല. തല്ലിപ്പഴുപ്പിച്ച് ആണെങ്കിലും അഭിനേതാക്കളിൽനിന്നു വേണ്ടത് ഊറ്റിയെടുക്കുക എന്ന ശൈലിയാണ് ബാല പലപ്പോഴും സ്വീകരിക്കാറ്. സൂര്യയോടും ഇതേ സമീപനം തന്നെയാണ് സംവിധായകൻ സ്വീകരിച്ചത്.
പിതാമഹനു ശേഷം ആദ്യമായി ബാലയും സൂര്യയും ഒന്നിക്കുന്നു എന്നതായിരുന്നു വണങ്കാന്റെ പ്രത്യേകത. എന്നാല്‍ ഇപ്പോള്‍ സൂപ്പർ താരമായി നില്ക്കുന്ന സൂര്യയെയല്ല ബാല കണ്ടത്.
നന്ദയില്‍ അഭിനയിച്ചിരുന്ന അതേ സൂര്യയെന്ന രീതിയിലാണ് ബാല ചിത്രീകരണത്തിൽ സൂര്യയോട് ഇടപെട്ടത്.
ഷൂട്ടിംഗ് ആരംഭിച്ച അന്ന് മുതല്‍ ഓടാനും ചാടാനും പറയുന്നു. വെയിലത്തു നിർത്തിയാണ് ഭൂരിഭാഗവും ചിത്രീകരണം. എന്നാല്‍ എന്താണു കഥയെന്നു മാത്രം പറയുന്നില്ല.
ഒടുവിൽ സൂര്യ നേരിട്ട് ചോദിച്ചു, എന്താണ് സാര്‍ ഇതിന്റെ കഥ, ഒരു നിർമാതാവ് എന്ന നിലയില്‍ കൂടിയാകാം അത് സൂര്യ ചോദിച്ചത്. ഇത് ബാല ഒരു അപമാനമായി എടുത്തു. പിറ്റേ ദിവസം മുതല്‍ രംഗം കടുത്തു. ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല ചെരുപ്പിടാതെ നടത്തിച്ചു.
നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു. പോസ്റ്റ് പ്രൊഡക്ഷനും മറ്റുമായി നാൽപത് ദിവസത്തോളം ചിത്രീകരണം പൂർത്തിയായിരുന്നു.
കോടികൾ സൂര്യയ്ക്കു ചെലവാകുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നായതോടെ വണങ്കാനുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിൽ സൂര്യ എത്തി.
എന്തായാലും സൂര്യ പിന്മാറിയ പടം ഏറെ കഷ്ടപ്പെട്ടാണ് വീണ്ടും ബാല അരുണ്‍ വിജയ്യെ വച്ച് എടുത്തത്. കരിയറില്‍ വലിയൊരു ബ്രേക്ക് ആഗ്രഹിക്കുന്ന അരുണ്‍ എന്തു കഷ്ടപ്പാട് സഹിച്ചും ബാലയുടെ ചിത്രത്തിലെ വേഷം ചെയ്യാന്‍ തയാറായിരുന്നു.ബാലു പറയുന്നു.
അതേസമയം സൂര്യയെ ബാല തല്ലി എന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് നിർമാതാവ് സുരേഷ് കാമാക്ഷി പറഞ്ഞു. ‘‘തല്ലുണ്ടാകേണ്ട സാഹചര്യമല്ല, അവിടെനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയായിരുന്നു സൂര്യയ്ക്ക്. കാരണം ബാല സാറിൽനിന്നു പേടിച്ച് ഓടുന്ന അരുൺ വിജയ്യെ ഞാൻ നേരിട്ടു കണ്ടതാണ്.
ബാല സാറിനും സൂര്യയ്ക്കുമിടയിൽ പ്രശ്നങ്ങളൊന്നുമില്ല. രണ്ടുപേരും ആ ബഹുമാനം പരസ്പരം വച്ചു പുലർത്തുന്നുണ്ട്.
സൂര്യ ഇപ്പോൾ നിൽക്കുന്ന സ്റ്റാര്‍ഡം വച്ച് ചെയ്യാൻ പറ്റൊരുന്നു സിനിമയല്ല വണങ്കാൻ. അങ്ങനെയൊരു കഥ ഈ സാഹചര്യത്തിൽ സൂര്യയ്ക്കു ചേരുന്നതല്ല.
എന്നാൽ കഥ മാറ്റാൻ ബാല സാറും തയാറായിരുന്നില്ല. അതുകൊണ്ടാണ് അവർ അങ്ങനെയൊരു തീരുമാനത്തിലെത്തിയത്.’’സുരേഷ് കാമാക്ഷി പറഞ്ഞു.
സൂര്യ പിന്മാറിയതോടെ ബാലയുടെ ബി സ്റ്റുഡിയോസും സുരേഷ് കാമാക്ഷിയുടെ വി ഹൗസ് പ്രൊഡക്ഷൻസും ചേർന്നാണ് വണങ്കാൻ നിർമിച്ചിരിക്കുന്നത്.
18 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന് ബാലയും ഒന്നിക്കേണ്ട ചിത്രമായിരുന്നു ഇത്. പിതാമഹനിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. സൂര്യയ്ക്കൊപ്പം മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. കൃതി ഷെട്ടിയായിരുന്നു നായിക.
എന്നാൽ സൂര്യയും അദ്ദേഹത്തിന്റെ നിർമാണക്കമ്പനിയും പിന്മാറിയതോടെ മമിതയും കൃതിയും പ്രോജക്ട് വേണ്ടന്നുവയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.