ഏഴാം വയസിൽ അച്ഛന്റെ ആത്മഹത്യ, ഇന്ന് 16 വയസുള്ള മകളും; തീരാനോവായി വിജയ് ആന്റണിയുടെ ജീവിതം
Tuesday, September 19, 2023 11:21 AM IST
ജീവിതത്തിൽ എത്ര വേദനകൾ വന്നാലും ആത്മഹത്യ ചെയ്യരുതെന്നായിരുന്നു എല്ലാ വേദികളിലും വിജയ് ആന്റണി പറഞ്ഞിരുന്നത്.
കാരണം അതിന് വ്യക്തമായ ജീവിതാനുഭവം വിജയ് ആന്റണിക്കുണ്ടായിരുന്നു. വിജയ്യിക്ക് ഏഴു വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛൻ ആത്മഹത്യ ചെയ്തത്. അത് ഒരു പ്രസംഗത്തിൽ വിജയ് തുറന്നുപറയുന്നുണ്ട്.
‘‘ജീവിതത്തിൽ നിങ്ങൾക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്.
എനിക്ക് ഏഴ് വയസും എന്റെ സഹോദരിക്ക് അഞ്ച് വയസും. അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം. വിജയ് ആന്റണിയുടെ വാക്കുകൾ.
ജീവിതത്തിൽ കഠിനാധ്വാനം ചെയ്ത് തമിഴ് സിനിമ മേഖലയിൽ തന്റെ പേര് എഴുതിചേർത്ത വ്യക്തിയാണ് വിജയ് ആന്റണി. ജീവിതത്തിൽ ചെറുപ്പത്തിൽ തന്നെ ആത്മഹത്യയുടെ ആഘാതം എന്തെന്ന് അനുഭവിച്ചറിഞ്ഞുതുകൊണ്ട് തന്നെ പല അഭിമുഖങ്ങളിലും അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു.
ഈ അടുത്തും യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ വരുന്ന ആത്മഹത്യ പ്രവണതകളുടെ കാരണങ്ങളെക്കുറിച്ച് ഒരഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചിരുന്നു.
‘‘പൈസയുടെ ബുദ്ധിമുട്ടുകൊണ്ടാണ് കൂടുതൽ ആളുകൾക്കും ഇങ്ങനെയൊരു ചിന്ത വരുന്നത്. ജീവിതത്തിൽ ഏറ്റവുമധികം വിശ്വാസം വച്ചിരുന്ന ഒരാള്‍ ചതിച്ചാൽ ചിലർക്ക് ജീവിതം അവസാനിപ്പിക്കാൻ തോന്നാം.
കുട്ടികളുടെ കാര്യത്തില്‍ പഠനം മൂലമുണ്ടാകുന്ന അധിക സമ്മർദമാണ് കാരണം. കുട്ടികൾ സ്കൂളിൽ നിന്നും വന്നു കഴിഞ്ഞാൽ ഉടനെ ട്യൂഷന് പറഞ്ഞ് അയയ്ക്കുകയാണ്. അവര്‍ക്കു ചിന്തിക്കാൻ പോലും സമയം കൊടുക്കുന്നില്ല.
കുറച്ച് അവരെ ചിന്തിക്കാൻ വിടണം. പിന്നെ കുറച്ച് മുതിർന്നവരോട് പറയാനുള്ളത്, മറ്റുള്ളവരുടെ വിജയത്തെയും പണത്തെയും കുറിച്ച് ചിന്തിക്കാതെ സ്വയം സ്നേഹിക്കാൻ സാധിക്കുകയാണെങ്കിൽ അതാകും സന്തോഷം തരുന്ന കാര്യം. അദ്ദേഹം പറഞ്ഞു.
ഇന്ന് പുലർച്ചെ മൂന്നിനാണ് വിജയ്യുടെ മകൾ മീര ജീവനൊടുക്കിയത്. മാനസിക സമ്മർദം മൂലമാണ് ആത്മഹത്യയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. ഫാത്തിമയാണ് ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്.