വയനാട് ഉരുൾപ്പൊട്ടൽ; 20 ലക്ഷം രൂപ ധനസഹായം നൽകി വിക്രം, ആവശ്യസാധനങ്ങളുമായി മമ്മൂട്ടിയും
Thursday, August 1, 2024 9:27 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി തമിഴ് താരം ചിയാൻ വിക്രം. വിക്രമിന്റെ കേരള ഫാൻസ് അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സഹായഹസ്തവുമായി വയനാട്ടിലേക്ക് എത്തുന്നത്. നടൻ കുഞ്ചാക്കോ ബോബന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങൾ സ്വരൂപിച്ച 50,000രൂപ എറണാകുളം ജില്ലാ കളക്ടർക്ക് ഭാരവാഹികൾ കൈമാറി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും വയനാട്ടിലേക്കു തിരിച്ചു.
ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായാണ് സംഘം വയനാട്ടിലേക്ക് പുറപ്പെടുന്നത്.