പ്രതീകാത്മക ചിത്രം
വെച്ചൂർ: പൊട്ടിവീണ വൈദ്യുതകമ്പിയിൽനിന്ന് പന്ത്രണ്ടുകാരിക്ക് ഷോക്കേറ്റു. വൈക്കം ഇടയാഴം കോണിത്തറ രാജേഷിന്റെ മകളും പള്ളിയാട് എസ്എൻ എൽപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ അരുന്ധതിക്കാണ് ഷോക്കേറ്റത്. അരുന്ധതി കോട്ടയം ഐസിഎച്ചിൽ തീവ്രപരിചരണത്തിലാണ്. ഇന്നലെ രാവിലെ 8.30 ന് വീടിന് സമീപമായിരുന്നു സംഭവം.
ഇടയാഴം നീണ്ടുശേരി ക്ഷേത്രത്തിന് സമീപം വെള്ളം നിറഞ്ഞ നാട്ടുവഴിയിലൂടെ വർത്തമാന പത്രമെടുക്കാൻ അരുന്ധതി വരുന്നതിനിടയിൽ കാൽവഴുതി വീണു. തോടിനോടു ചേർന്നുള്ള ഇരുമ്പ് വേലിയിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ പിടിത്തം കിട്ടിയത് പൊട്ടിയ വൈദ്യുത കമ്പിയിലായതിനെ തുടർന്ന് ഷോക്കേറ്റ് കുട്ടി വെള്ളത്തിലേക്ക് തെറിച്ചുവീണു.
ഈ സമയം മുച്ചൂക്കാവ് സ്വദേശിയായ ബിജു ഇതുവഴി വന്നതാണ് രക്ഷയായത് . ബിജു അലറി നിലവിളിച്ചതോടെ സമീപവാസി ബിജുവും കുട്ടിയുടെ പിതാവ് രാജേഷും ഓടിയെത്തി ഓലമടൽ കൊണ്ടടിച്ച് വൈദ്യുതകമ്പി വേർപെടുത്തി. കൈയിൽ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം ഐസിഎച്ചിൽ പ്രവേശിപ്പിച്ചു. അരുന്ധതിയുടെ മാതാപിതാക്കളായ രാജേഷും സാന്ദ്രയും തലയാഴം പഞ്ചായത്ത് ഓഫീസ് ജീവനക്കാരാണ്.
Tags : Nattuvishesham DistrictNews DeepikaNews electric shoc