പ്രതീകാത്മക ചിത്രം
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് പൊതുസമ്മേളനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ രണ്ടു പക്ഷം. 26 കൗണ്‍സിലര്‍മാരില്‍ 13 പേര് വിയോജനക്കുറുപ്പുമായി രംഗത്തുവന്നതോടെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ നാളെ നടക്കുന്ന പൊതുസമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് വിട്ടുനൽകില്ലെന്നു തീരുമാനമായി. സമ്മേളനം ഗ്രാൻഡ് കോര്‍ട്ടിയാര്‍ഡ് ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ നടത്താന്‍ സിപിഎം തീരുമാനിച്ചു.
വിമത കൗണ്‍സിലറുടെ വിയോജനക്കുറിപ്പ് നിര്‍ണായകമായി
കഴിഞ്ഞ ദിവസം വിയോജനക്കുറിപ്പ് നല്‍കാതിരുന്ന കോണ്‍ഗ്രസ് വിമത രജിത പ്രകാശ് ഇന്നലെ സെക്രട്ടറിക്ക് മുന്‍പാകെ വിയോജനക്കുറിപ്പ് നല്‍കിയതോടെയാണ് സമ്മേളനത്തിന് ബസ് സ്റ്റാന്‍ഡ് വിട്ടു നല്‍കാനാവില്ല എന്ന തീരുമാനത്തിലേക്ക് നഗരസഭാ സെക്രട്ടറി എത്തിയത്. മുമ്പ് 12 കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലില്‍ ബഹളമുണ്ടാകാതെ ചര്‍ച്ച നടത്തുകയോ വോട്ടെടുപ്പ് നടക്കുകയോ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ അത് സാധിക്കുമായിരുന്നു. വോട്ടെടുപ്പ് നടക്കാതിരുന്നതുകൊണ്ട് ചെയര്‍പേഴ്സണു കാസ്റ്റിംഗ് വോട്ട് ചെയ്യാനും അവസരമില്ല. കോണ്‍ഗ്രസ് വിമതരെല്ലാം കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് സിപിഎം സമ്മേളനത്തിന് വിട്ടുനല്‍കുന്നതിന് എതിരു നിന്നപ്പോള്‍ നഗര വികസന മുന്നണിയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ മായാ രാഹുല്‍ സമ്മര്‍ദത്തിലായിരുന്നു.
ബസ് സ്റ്റാന്‍ഡ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് മായാ രാഹുല്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും മുന്നണിയുടെ ശക്തമായ സമ്മര്‍ദം ചെയര്‍പേഴ്സനു മേല്‍ ഉണ്ടായിരുന്നതായാണ് വിലയിരുത്തല്‍.
ബദല്‍ സംവിധാനമൊരുക്കി സിപിഎം
ഇന്നലെ രാവിലെ വരെ 12 പേര് മാത്രമാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നത് എന്നതുകൊണ്ടുതന്നെ ബസ് സ്റ്റാന്‍ഡ് വിട്ടുകിട്ടുമെന്ന് സിപിഎമ്മിന് പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍ രജിത പ്രകാശും വിയോജനക്കുറിപ്പ് നല്‍കിയതോടെ സിപിഎം ബദല്‍ സംവിധാനം ഒരുക്കുകയായിരുന്നു. നഗരസഭാ സ്റ്റേഡിയം വിട്ടുനല്‍കാമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചെങ്കിലും സിപിഎം അഗണിക്കുകയായിരുന്നു.
കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് സിപിഎം സമ്മേളനത്തിന് വിട്ടുകൊടുക്കാനാവില്ലെന്ന് നിയമവശങ്ങള്‍ ചൂണ്ടിക്കാണിച്ച് വിമത കൗണ്‍സിലര്‍ ടോണി തൈപ്പറമ്പിൽ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഒപ്പംതന്നെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം നടന്ന അടിയന്തര കൗണ്‍സിലില്‍ ഹാളിന്റെ നടുത്തളത്തില്‍ കുത്തിയിരിപ്പു സമരവും നടത്തി.
കേരള കോണ്‍ഗ്രസ്-എം, സിപിഎം കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്ന നഗരവികസന മുന്നണിയുടെ ബാനറിലാണ് ഭരണം നടക്കുന്നത്. ഈ സംവിധാനത്തിന്റെ കെട്ടുറപ്പിനെ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ബാധിക്കുമെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.
Tags : District News Nattuvishesham Kottaramattom bus stand public meetings