ഇരിങ്ങാലക്കുട: ഇവിടെയില്ലാത്ത മരങ്ങളില്ല, കേൾക്കാത്ത സസ്യനാമങ്ങളില്ല! ഇരിങ്ങാലക്കുടയിലെ മിനി സിവിൽ സ്റ്റേഷൻ ഇന്നു കുട്ടിവനംകൂടിയാണ്. റോട്ടറി ക്ലബ് 22 വർഷമായി പരിപാലിച്ചു വളർത്തുന്നത് 525 മരങ്ങളാണ്. ഒന്നരയേക്കറിലെ ആർബൊറേറ്റം ഇന്നു പ്രകൃതിയുടെ സന്പത്താണ്. ക്രൈസ്റ്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മുൻമേധാവിയും 2017ലെ വനമിത്ര അവാർഡ് ജേതാവുമായ പ്രഫ. എം.എ. ജോണ്‍ ആണ് ഈ പച്ചത്തുരുത്തിന്റെ കാവലാൾ.
പറവൂർ താലൂക്കിലെ വള്ളുവള്ളി മേനാച്ചേരി കുടുംബാംഗമായ അദ്ദേഹം വിശ്രമജീവിതം മുഴുവൻ വനസംരക്ഷണത്തിനായി മാറ്റിവച്ചു. കഠിനമായ ചീങ്കണ്ണിപ്പാറ നിറഞ്ഞ പ്രദേശത്ത് മരങ്ങൾ നടുക എളുപ്പമായിരുന്നില്ല. ജലക്ഷാമം നേരിട്ടപ്പോൾ സ്വന്തം കാറിൽ വെള്ളമെത്തിച്ചാണു തൈകൾ നനച്ചത്. പ്രതിദിനം രണ്ടുമണിക്കൂർ ഇവിടെ ചെലവിടുന്നു. ജൈവവളങ്ങൾ മാത്രമാണുപയോഗിക്കുന്നത്.
അപൂർവ സസ്യങ്ങൾ
അപൂർവമായ 330 സസ്യങ്ങളിവിടുണ്ട്. മൂത്താശാരി, നീർമാതളം, ദന്തപാല, ഒടുക്, കുടകപ്പാല, കുന്തരിക്കം, കൃഷ്ണനാൽ, ശിംശിപ, ഇടംപിരി, പൂപ്പാതിരി, ചോരപ്പാല, കുളവെട്ടി, കടുവാപിടുക്കൻ, കടുക്ക, രക്തചന്ദനം, പുത്രജീവ, പലകപ്പയ്യാനി, പൂവണം, ഉൗറാവ്, വില്ലൂന്നി... പട്ടിക നീളും.
ദന്തപാലയും നീർമാതളവും വേങ്ങയും ലക്ഷ്മിതരുവും മൂത്താശാരി മരവും നാട്ടത്തിയും ഇന്നു വൻമരങ്ങളാണ്. വംശനാശഭീഷണി നേരിടുന്ന അറുപതിലധികം മരങ്ങളും നൂറിലധികം ഒൗഷധസസ്യങ്ങളും ഇവിടെയുണ്ട്. നക്ഷത്രമരവും നാൽപ്പാമരവും നവഗ്രഹമരവുമടക്കം ഒട്ടനവധി ഒൗഷധസസ്യങ്ങളും വളർത്തുന്നുണ്ട്. കാറ്റത്ത് കായ്കൾ ഇളകി ബഹളമുണ്ടാകുന്ന വുമണ്‍ ട്രെൻഡ് ട്രീ എന്നറിയപ്പെടുന്ന നെൻമേനി വാകയും വടമുണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ആനത്തൊണ്ടിമരവും രവുരിയും വാജീകരണശക്തി കൂട്ടുന്ന നോനിമരവും ഈ ശേഖരത്തിൽപെടുന്നു.
ചിത്രശലഭങ്ങൾക്കായി ഹരിതവിരുന്ന്
32 സെന്റിൽ ശലഭോദ്യാനവും ഒരുക്കിയിട്ടുണ്ട്. ബുദ്ധമയൂരിയുടെ ആതിഥേയസസ്യമായ മുള്ളിലമടക്കം ഇവിടെയുണ്ട്. ജൂലൈ- നവംബർ മാസങ്ങളിൽ 43 ഇനം ശലഭങ്ങൾ ഇവിടെടെത്തി. ഓരോ ശലഭത്തിനും മരങ്ങളുണ്ട്.
പൊന്നാവരം, തകര, ഗരുഡക്കൊടി, കാട്ടുകടുക്ക്, ആവണക്ക്, പൂച്ചപ്പഴം, വേലിപ്പരുത്തി, ഈന്ത, മന്ദാരം, ഇലമുളച്ചി, ഹേമപുഷ്പം തുടങ്ങിയവയും ശലഭങ്ങൾക്കു പൂന്പൊടിയും തേനും നൽകുന്ന കുമ്മിണിപ്പച്ച, ഒടിയൻചീര, കുക്കുര, അമുകികുരം, ശംഖുപുഷ്പം, നീലപ്പാല, നന്ത്യാർവട്ടം, വൻകുറുന്തോട്ടി, തേൾക്കട, കനവീര്യം, എടമക്കി, കിലുകിലുക്കി, കോമോട്ടം തുടങ്ങിയവയും ശലഭങ്ങളെ ആകർഷിക്കാനായി ഈ ഉദ്യാനത്തിലുണ്ട്. കോമണ്‍ പിയറോട്ട്, കോമണ്‍ സെറൂലിയൻ (പൊട്ടുവാലാട്ടി), കോമണ്‍ ലപ്പേർഡ് (പുള്ളിപ്പുലി ചിത്രശലഭം), കോമണ്‍ ഇവനിംഗ് ബ്രൗണ്‍ (കരിയില ചിത്രശലഭം), കോമണ്‍ റോസ് (നാട്ടുറോസ്), കോമണ്‍ മോർമോണ്‍ (നാരകക്കാളി), കോമണ്‍ സെയിലർ (പൊന്തചുറ്റൻ), കോമണ്‍ എമിഗ്രൻറ് (മഞ്ഞത്തകരമുത്തി) ടൈഗർ വിഭാഗത്തിലുള്ള ഗ്ലാസി, ബ്ലു, സ്ട്രിപ്പ്ഡ് എന്നീ ഇനങ്ങളും കൂടാതെ മംഗി പസിൽ, തമിൽ യോമെൻ, സഹ്യാദ്ര റസ്റ്റിക് എന്നീ ചിത്രശലഭങ്ങളും ഈ ഉദ്യാനത്തിലെ സന്ദർശകരാണ്.
Tags : nattu vishesham 22 years of penance