കോഴിക്കോട്: "ഓപ്പറേഷന് തെളിമ'യുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മിന്നല്‍ റെയ്ഡ് നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്.
പുലര്‍ച്ചെ ഒരു മണിക്ക് ആരംഭിച്ച മിന്നല്‍ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ച 440 ഭക്ഷ്യഎണ്ണയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കി സൂക്ഷിച്ച ആയിരക്കണക്കിന് പലഹാരങ്ങള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. നഗരത്തിലെയും മറ്റും ചെറുസ്ഥാപനങ്ങളിലേക്ക് പലഹാരങ്ങളും ചെറുകടികളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് 10 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ ടെസ്റ്റോമീറ്റര് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച നാല് സ്ഥാപനങ്ങളും അടച്ചുപൂട്ടി.
നിയമലംഘനം കണ്ടെത്തിയ നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്കി. 3900 സമൂസ, 2600 പൊരിച്ച പത്തിരി, 1000 പരിപ്പുവട, 250 കട്ലറ്റ്, 1000 ചപ്പാത്തി, 250 ഇഡ്ഡലി, 100 വട, 50 കിലോ പത്തിരിമാവ് എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പിടിച്ചെടുത്ത മുഴുവന്‍ ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചു.
ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണത്തിലും സംഭരണത്തിലും വിതരണത്തിലും ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എസ്. വിനോദ്കുമാര്‍, ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്.
Tags :