ഓർത്തഡോക്സ് സഭയിൽ റമ്പാൻ പട്ടം സ്വീകരിച്ച നിയുക്ത മെത്രാപ്പോലീത്തമാർ
പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വൈദികർക്ക് റന്പാൻ സ്ഥാനം നൽകി. മൂവർക്കും പുതിയ പേരുകൾ നൽകിയാണ് റന്പാൻ സ്ഥാനത്തേക്ക് ഉയർത്തിയത്.
ഫാ. ഷിബു മത്തായി വേണാട് (ഗീവർഗീസ് റമ്പാൻ), ഫാ. സാംജി ടി. ജോർജ് ( ഗീവർഗീസ് റമ്പാൻ ), ഫാ. എൽദോസ് ഏലിയാസ് (എൽദോ റമ്പാൻ) എന്നിവരാണ് റന്പാൻ സ്ഥാനം സ്വീകരിച്ചത്. പരുമല സെമിനാരി ദേവാലയത്തിൽ ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാന മധ്യേ സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് മൂവർക്കും റന്പാൻ പട്ടം നൽകിയത്. ദീർഘമായ ശുശ്രൂഷകൾക്കൊടുവിൽ അഭിനവ റന്പാൻമാർക്ക് കറുത്ത കുപ്പായവും മസനപ്സയും കുരിശും നൽകി. മൂവരുടെയും കാലുകൾ കഴുകി സ്വീകരിച്ചാണ് ശുശ്രൂഷ പൂർത്തീകരിച്ചത്.
മുളന്തുരുത്തിയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത നാലു പേരിൽ മൂന്ന് വൈദികർക്കാണ് സന്യാസത്തിന്റെ പൂർണവ്രതമായ റമ്പാന് സ്ഥാനം നല്കിയത്. തോമസ് പോൾ റമ്പാനാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരാള്. ഇവരുടെ മെത്രാൻ സ്ഥാനാരോഹണം ഫെബ്രുവരി നാലിന് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ നടക്കും.
റന്പാൻപട്ടം സ്വീകരണ ശുശ്രൂഷയിൽ കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, മെത്രാപ്പോലീത്താമാരായ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. ജോഷ്വാ മാർ നിക്കോദീമോസ്, ഗീവർഗീസ് മാർ പീലക്സീനോസ്, ഡോ. ഗീവർഗീസ് മാർ ബർണബാസ്, സഖറിയാ മാർ സേവേറിയോസ് എന്നിവർ സഹകാർമികരായിരുന്നു.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ, കോട്ടയം പഴയസെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, കോർഎപ്പിസ്കോപ്പാമാർ, റമ്പാൻമാർ, വൈദികർ, കന്യാസ്ത്രീകൾ, വിശ്വാസികൾ തുടങ്ങിയവർ സംബന്ധിച്ചു.
Tags :