പത്തനംതിട്ട: ളാഹയിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് ടാപ്പിംഗ് തൊഴിലാളികൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ചിറ്റാർ മണക്കയം അൻസിയ മൻസിലിൽ എ. ഷാം (53), റാന്നി പെരുനാട് പൊട്ടൻമൂഴി മാങ്കമണ്ണിൽ സലാഹുദ്ദീൻ എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 5.45 ഓടെ ളാഹ മുസ്ലിം പള്ളിക്ക് സമീപമായിരുന്നു കാട്ടാന ആക്രമണം.
ളാഹയിലെ തോട്ടം ഉടമ പെരുനാട് സ്വദേശി സലാഹുദ്ദീനും ഒപ്പമുണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളി ഷാമിനുമാണ് പരിക്കേറ്റത്. ഷാമിന്റെ ഇടതുകാലിന് പൊട്ടലുണ്ട്. എച്ച്എൻഎല്ലിന്റെ കൈതത്തോട്ടത്തിന് സമീപത്തെ റോഡിൽ സ്കൂട്ടർ വച്ച ശേഷം ഇരുവരും നടന്ന് റബർത്തോട്ടത്തിലേക്ക് പോകുമ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. തിരിഞ്ഞോടുന്നതിനിടയാണ് വീണു പരിക്കേറ്റത്. കൈതത്തോട്ടത്തിൽ നിന്നുവന്ന ഒറ്റയാൻ ആക്രമിക്കാൻ എത്തുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.
സ്കൂട്ടർ നിർത്തി ഇറങ്ങിയത് ആനയുടെ മുന്നിലേക്കാണ്. സ്കൂട്ടറിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാണ് ഇരുവരും പിന്നിലൂടെ വന്ന കാട്ടാനയെ കണ്ടത്. ആന തൊട്ടടുത്തെത്തിയതിനാൽ ഓടാൻ പോലും കഴിഞ്ഞില്ലെന്ന് ഷാം പറഞ്ഞു.
തോളിലുണ്ടായിരുന്ന ബാഗിൽ കൊമ്പ് കോർത്ത് ആന ഷാമിനെ ദൂരത്തേക്ക് വലിച്ചെറിഞ്ഞു. കാലിൽ ആന കാലുകൊണ്ട് തട്ടിയതിനാൽ ഇടതുകാലിനും പരിക്കേറ്റു.
ഭയന്ന് ഉറക്കെ നിലവിളിച്ചതോടെ സമീപത്തെ പള്ളിയിൽ നിന്നും ആളുകൾ ഓടി വന്നു. ആന വീണ്ടും ആക്രമിക്കാൻ മുതിരാതെ പിന്മാറിയതു കൊണ്ട് ഷാമിന്റെ ജീവൻ രക്ഷപ്പെട്ടു. ഭാഗ്യംകൊണ്ടു മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്. പരിക്കേറ്റ ഷാമിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസ നൽകിയ ശേഷം വനപാലകർ തിരികെ വീട്ടിലെത്തിച്ചു.
കഴിഞ്ഞ എട്ടു മാസത്തിലധികമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും നിരവധി വീടുകളും കൃഷിയും നശിപ്പിച്ചെന്നും പ്രദേശവാസികൾ പറഞ്ഞു.
Tags :