റാന്നി: യുവാക്കൾ സഞ്ചരിച്ച ബൈക്കിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ രാത്രിയിൽ റാന്നി കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ കയറി ഡിപ്പോയിൽ ഉണ്ടായിരുന്ന ബസിന്റെ പിൻഭാഗത്തെ എമർജൻസി വാതിലിന്റെ കണ്ണാടി കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം രക്ഷപെട്ടയാളെ റാന്നി പൊലിസ് പിടികൂടി.
റാന്നി അങ്ങാടി കരിങ്കുറ്റി മണിമലേത്ത് കാലായിൽ നിതിൻ ലെജു (21) വാണ് അറസ്റ്റിലായത്. സെപ്റ്റംബർ അഞ്ചിനു രാവിലെയാണ് റാന്നി ഡിപ്പോയിലെ കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. ജീവനക്കാരുടെ പരാതിയിൽ എട്ടിനു കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെക്കുറിച്ച് പ്രാഥമികമായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പൊലിസ് സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. സംഭവദിവസം കെഎസ്ആർടിസി പരിസരത്ത് പ്രതിയുടെ സാന്നിധ്യം മനസിലാക്കിയ പൊലിസ് ഇയാളിലേക്ക് എത്തിച്ചേരുകയായിരുന്നു.
ലൈജുവും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തപ്പോൾ ഏതോ കെഎസ്ആർടിസി ബസ് സൈഡ് കൊടുക്കാത്തതിലെ വിരോധം മൂലമാണ് ഇപ്രകാരം ചെയ്തതെന്ന് ഇയാൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags :