നല്ലൂര്‍വട്ടം സ്വദേശി ഗമാലി കൃഷിയിടത്തില്‍.
നെയ്യാറ്റിന്‍കര: കര്‍ഷക കുടുംബാംഗമായ വി. ഗമാലിക്ക് കൃഷി തന്നെയാണ് ജീവിതവും ജീവനവും. പിതാവിന്റെ പാത പിന്തുടര്‍ന്ന ഗമാലി പതിറ്റാണ്ടുകളായി കാര്‍ഷിക വൃത്തി തുടരുന്നു. അധ്വാനിക്കാനുള്ള മനസ്സുണ്ടായാല് കൃഷിയില്‍ നിന്നും ലഭ്യമാകുന്ന സംതൃപ്തിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ലായെന്നാണ് ഗമാലിയുടെ പ്രമാണം.
നല്ലൂര്‍വട്ടം സ്വദേശി വിശ്വനാഥന്റെയും ഗോമതിയുടെയും മകന് നല്ലൂര്‍വട്ടം അനൂജാ നിവാസില്‍ ഗമാലി നിലവില്‍ അന്‍പതു സെന്റിലേറെ പച്ചക്കറി കൃഷി ചെയ്യുന്നു. പയര്‍, വെള്ളരിക്ക, സലാഡ് വെള്ളരി, വെണ്ട എന്നിങ്ങനെയെല്ലാം കൃഷിയിടത്തിലുണ്ട്. കൃത്യമായ പരിരക്ഷ നല്കുന്നതിനാല് മികച്ച വിളവും കിട്ടുന്നുവെന്ന് ഗമാലി പറയുന്നു. ഗമാലിയുടെ ഊര്‍ജം കര്‍ഷകയായ അമ്മ ഗോമതിയാണ്. വാര്‍ധക്യത്തിന്റെ അവശതകള്‍ പരിഗണിക്കാതെ ഗോമതി പച്ചക്കറിയും മരച്ചീനിയുമാണ് കൃഷി ചെയ്യുന്നത്.
സഹോദരന് സെല്‍വരാജും നാട്ടിലെ മികച്ച കര്‍ഷകനാണ്. വീടിനു സമീപത്താണ് ഗമാലിയുടെ കൃഷിത്തോട്ടം. പച്ചക്കറി കൃഷിക്കു സമീപവും അപ്പുറത്തുമായി വാഴയും കൃഷി ചെയ്തിട്ടുണ്ട്. ആയിരത്തോളം വാഴകളേ ഇപ്പോഴുള്ളൂ. ഏത്തനാണ് കൂടുതലും. വീട്ടില്‍ നിന്ന് കാല്‍നടയായാണ് കൃഷിയിടത്തിലെത്തുന്നത്. വിളവെടുക്കാന്‍ പുലര്‍ച്ചെ നാലരയോടെ വയലില്‍ എത്തിച്ചേരും. പൂഴിക്കുന്ന് ചന്ത, പൂഴിക്കുന്നിലെ ഹോര്‍ട്ടികോര്‍പ് വിപണി, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരളം (വിഎഫ്പിസികെ)എന്നിവിടങ്ങളിലാണ് പച്ചക്കറികള്‍ നല്‍കുന്നത്. വിഎഫ്പിസികെ യൂണിറ്റില്‍ ആഴ്ചയില്‍ രണ്ടു ദിവസം (തിങ്കള്‍, വ്യാഴം) പച്ചക്കറികള്‍ നല്കാന് സൗകര്യമുണ്ട്. ജലദൗര്ലഭ്യമില്ലെന്നത് കൃഷിക്ക് ആശ്വാസമാണ്.
പക്ഷെ, ശക്തമായ മഴയത്തും മറ്റും വെള്ളം കെട്ടിക്കിടന്ന് കൃഷി നശിക്കാറുണ്ടെന്ന് ഗമാലി സങ്കടത്തോടെ ചൂണ്ടിക്കാട്ടി. ഭാര്യ അനിതയ്ക്കും കൃഷി പ്രിയപ്പെട്ടതാണ്.
മക്കളായ അനൂജയ്ക്കും അപര്‍ണ്ണയ്ക്കും നല്ല വിദ്യാഭ്യാസം പ്രദാനം ചെയ്യാനായതും കൃഷിയില്‍ നിന്നുള്ള വരുമാനം വിനിയോഗിച്ചാണെന്നും ഗമാലി പറയുന്പോള്‍ ആ വാക്കുകളില്‍ മണ്ണിനോടും കൃഷിയോടുമുള്ള മമത വ്യക്തം.