മംഗലംപുഴയിൽ പുഴക്കൽപറമ്പ് തടയണയിൽ ചത്തുപൊങ്ങിയ മത്സ്യങ്ങൾ.
വടക്കഞ്ചേരി: വെള്ളത്തിന്റെ ഒഴുക്കില്ലാത്ത മംഗലംപുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മംഗലംപാലത്തുനിന്നും താഴെയുള്ള പുഴയ്ക്കൽപറമ്പ് ഭാഗത്തെ തടയണയിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടുള്ളത്.
തടയണയിൽ 300 മീറ്ററോളം ദൂരത്തിൽ ചെറുതും വലുതുമായ മത്സ്യങ്ങൾ പൊങ്ങിയിട്ടുണ്ട്. കഠിനമായ പകൽചൂടാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപോകാൻ കാരണമെന്നാണ് സംശയിക്കുന്നത്.
തടയണയിൽ വെള്ളം നിൽക്കുന്ന ഭാഗത്ത് അടിയിൽ പൂർണമായും പാറയുള്ള സ്ഥലമാണ്.
ഇതിനാൽ വെള്ളം ചൂടുപിടിച്ച് മത്സ്യങ്ങൾ ചാകുന്നതാകുമെന്ന് പറയുന്നു. ഈ തടയണയിലാണ് വാട്ടർ അഥോറിറ്റിയുടെ വലിയ കുടിവെള്ള പദ്ധതിയുള്ളത്. ഇവിടെ നിന്നും പമ്പിംഗ് നടക്കുന്നുണ്ട്.
അതിനാൽ തന്നെ മത്സ്യങ്ങൾ ചാകാനുള്ള കാരണം പരിശോധിച്ച് വെള്ളം കുടിവെള്ളയോഗ്യമാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
നിറയെ മത്സ്യങ്ങൾ ചത്തുകിടക്കുന്നതിനാൽ അവയെ ഭക്ഷിക്കുന്നതിനായി കൊക്കുകളും മറ്റു നിരവധി പക്ഷികളും നായ്ക്കളും സ്ഥലത്ത് കൂട്ടം കൂടിയിട്ടുണ്ട്.
വീടുകളില്ലാത്ത ആളൊഴിഞ്ഞ സ്ഥലമാണിത്. കഴിഞ്ഞ ദിവസം ഇതിനു താഴെ പാടൂർ തോണിക്കടവിൽ ഇത്തരത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു.