യുവപ്രതിഭകൾ
വെട്ടുകാട് സെന്റ് മേരീസ് ക്രിക്കറ്റ് അക്കാദമിയിൽനിന്ന് തിരുവനന്തപുരം ജില്ലാ ടീമിലേക്ക് യുവ പ്രതിഭകൾ
തിരുവനന്തപുരം: തീരദേശ മേഖലയ്ക്ക് അഭിമാനനേട്ടം സമ്മാനിച്ച് വെട്ടുകാട് സെന്റ് മേരീസ് ക്രിക്കറ്റ് അക്കാദമി. ജില്ലയിലെ അണ്ടർ-13 ജില്ലാ ക്രിക്കറ്റ് ക്യാമ്പിലേക്ക് അക്കാദമിയിൽനിന്നു മൂന്നു യുവ താരങ്ങളാണു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വെട്ടുകാട് ഇടവക അംഗങ്ങളായ യോഹാൻ ഫെലിക്സ്, ദീപക് അർഥർ, കൊച്ചുവേളി ഇടവകാംഗമായ ജോഹാൻ ജിം എന്നിവരാണ് ജില്ലാ അണ്ടർ-13 ക്രിക്കറ്റ് ക്യാമ്പിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഠിനാധ്വാനത്തിന്റെയും പരിശീലകരുടെ ആത്മാർത്ഥ പരിശ്രമത്തിന്റെയും കുടുംബങ്ങളുടെ പിന്തുണയുടെയും ഫലമായാണ് ഈ നേട്ടം.
യോഹാൻ ഫെലിക്സ് മികച്ച ഇടംകൈ ഓൾറൗണ്ടറായും ദീപക് അർഥർ, ജോഹാൻ ജിം എന്നിവർ മികച്ച വലംകൈ ബാറ്റ്സ്മാൻമാരായും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കേരള ക്രിക്കറ്റിന്റെ അഭിമാനങ്ങളായ സഞ്ജു സാംസൺ, ഷോൺ റോജർ എന്നിവരെ പോലെ ദേശീയ-അന്തർദേശീയ തലങ്ങളിൽ തിളങ്ങുന്ന താരങ്ങളായി ഈ മൂന്ന് യുവപ്രതിഭകളും വളരട്ടെയെന്നാണ് തീരദേശ ജനതയുടെ പ്രാർഥനയും പ്രതീക്ഷയും.
ഒരുകാലത്ത് ഫുട്ബോളിന്റെയും വോളിബോളിന്റെയും നാടായി അറിയപ്പെട്ടിരുന്ന തീരദേശ മേഖല ഇന്നു ക്രിക്കറ്റിലും സാന്നിധ്യം ശക്തമായി അറിയിച്ചുതുടങ്ങിയിരിക്കുന്നു. അതിനു വെട്ടുകാട് സെന്റ് മേരീസ് ക്രിക്കറ്റ് അക്കാദമിയുടെ നിരന്തരമായ പ്രവർത്തനങ്ങളും പരിശീലനവും വലിയ പങ്കുവഹിക്കുന്നുണ്ട്.
Tags : Nattuvishesham District News