വി.ഐ. പുരുഷോത്തമൻ
പൂഞ്ഞാർ: പൂഞ്ഞാറിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന വാലാനിക്കൽ വി.ഐ. പുരുഷോത്തമൻ ഓർമയായി. സ്വാതന്ത്ര്യസമരത്തിൽ പൂഞ്ഞാറിന്റെ പങ്കിനെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്ന പുരുഷോത്തമൻ അധ്യാപകൻ, സ്വാതന്ത്ര്യസമര സേനാനി, പ്രഭാഷകൻ, സഹകാരി എന്നീ നിലകളിൽ സജീവമായിരുന്നു.
1946 ഓഗസ്റ്റ് 17ന് പൂഞ്ഞാറിൽനിന്ന് പാലായിലേക്ക് നടന്ന പട്ടിണിജാഥയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളിൽ ഒരാളായിരുന്നു. 1946ൽ പൂഞ്ഞാറിൽ വൈഎംഎ ലൈബ്രറി സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇ.എം.എസ്, ഇ.കെ. നായനാർ, പി.ടി. പുന്നൂസ്, ജോസഫ് മുണ്ടശേരി തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായും തകഴി, എം.പി. പോൾ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയ സാഹിത്യകാരന്മാരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. വി.എസ്. അച്യുതാനന്ദൻ ഇദ്ദേഹത്തിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചിട്ടുമുണ്ട്.
1965ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു. പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി 16 വർഷം പ്രവർത്തിച്ചു. വായനയിലും പ്രസംഗത്തിലും മികവ് പുലർത്തിയിരുന്ന അദ്ദേഹം പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പദവിയിലിരിക്കെയാണ് വിരമിച്ചത്.
Tags :