നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പന്നിയങ്ങാട് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്നിയങ്ങാട് സ്വദേശി തീക്കുന്നന്‍ കൃഷ്ണന് (62) ചികിത്സാസഹായം നല്കാന് വനംവകുപ്പ് തയാറാകുന്നില്ലെന്ന് പരാതി.
കഴിഞ്ഞ മൂന്ന് ദിവസമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്ണന് ഇതുവരെയും യാതൊരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ല. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് ധനസഹായം നിഷേധിക്കുന്ന വനംവകുപ്പ് നിലപാടിനെതിരേ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധം ശക്തമാകുകയാണ്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 6.30-ഓടെയാണ് വനപാതയില്‍ വച്ച് കൃഷ്ണനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇയാളുടെ നട്ടെല്ലിനും വാരിയെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ കിഡ്നിക്കും മൂത്രസഞ്ചിക്കുമിടയില് നീര്‍ക്കെട്ടുള്ളതിനാല്‍ യൂറോളജി വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയ്ക്കും നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍ധന കുടുംബത്തിലെ അംഗമായ കൃഷ്ണന് ദിനംപ്രതി കൂലിപ്പണി എടുത്താണ് ജീവിച്ചിരുന്നത്. ജില്ലാ ആശുപത്രിയില്‍ സ്കാനിംഗ് സൗകര്യമില്ലാത്തതിനാല്‍ മൂന്ന് തവണയാണ് സ്വകാര്യ കേന്ദ്രത്തില്‍നിന്ന് സ്വന്തം ചെലവില്‍ സ്കാന്‍ ചെയ്യേണ്ടി വന്നത്.
വ്യാജ വാഗ്ദാനങ്ങള്‍ നല്കി ഉദ്യോഗസ്ഥര്‍ വഞ്ചിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവദിവസം വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ചികിത്സാച്ചെലവ് പൂര്‍ണമായി വഹിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് വനപാതയില്വച്ചാണ് ആക്രമണമുണ്ടായത് എന്ന സാങ്കേതികത്വം പറഞ്ഞ് ധനസഹായത്തില്‍നിന്ന് പിന്മാറുകയായിരുന്നു.
അടിയന്തരമായി കൃഷ്ണന് ചികിത്സാസഹായവും ജോലിക്ക് പോകാന്‍ കഴിയുന്നതുവരെ ഉപജീവനത്തിനുള്ള ധനസഹായവും നല്കാന് എംഎല്‍എയും വനംവകുപ്പും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നവകിരണം പദ്ധതിയും വഴിമുട്ടിയ പുനരധിവാസവും;
കാട്ടുപാതകളില്‍ ജീവന് പണയംവച്ച് പന്നിയങ്ങാട്ടുകാര്
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പന്നിയങ്ങാട്, ചെറിയംകുത്ത്, തണ്ണിപ്പൊയില്‍, വടക്കേ പെരുമുണ്ട മേഖലകളിലെ നിവാസികള്‍ അനുദിനം നേരിടുന്നത് കാട്ടാനഭീതി മാത്രമല്ല, വനംവകുപ്പിന്റെ പുനരധിവാസ പദ്ധതിയിലെ അനന്തമായ കാത്തിരിപ്പ് കൂടിയാണ്.
ഈ പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലം നവകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും തുക വിതരണം ചെയ്തിട്ടില്ല.
വര്‍ഷങ്ങളായി വനത്തോട് ചേര്‍ന്ന് താമസിക്കുന്ന ഈ കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ആകെയുള്ളത് വനപാത മാത്രമാണ്. ജനങ്ങളെ പുനരധിവസിപ്പിക്കാനോ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനോ വനംവകുപ്പ് തയാറാകാത്തതിനാലാണ് ആളുകള്‍ ഇപ്പോഴും ഇവിടെ ജീവന് പണയംവച്ച് കഴിയുന്നത്.
കാട്ടാനകളെ വനത്തിനുള്ളില്‍ തടഞ്ഞുനിര്‍ത്താന്‍ ശാശ്വത സംവിധാനങ്ങള്‍ ഒരുക്കാത്ത വനംവകുപ്പ്, വനപാതയില്വച്ചാണ് ആക്രമണമുണ്ടായത് എന്ന കാരണം പറഞ്ഞ് പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായം നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Tags :