കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് കേരളപ്പിറവി സമ്മാനമായി 3.75 കോടി രൂപ അധിക പാല്‍വിലയായും കാലിതിറ്റ സബ്സിഡിയായും നല്‍കും.
മലബാര്‍ മേഖലാ യൂണിയന് അഡ്മിനിസ്ട്രേറ്ററുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതു പ്രകാരം നവംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവില്‍ സംഭരിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ഒരു രൂപ അധികപാല്‍ വിലയായി ലഭിക്കും.
നവംബര്‍ മാസത്തില്‍ മേഖലാ യൂണിയന് പ്രതീക്ഷിക്കുന്ന സംഭരണം 200 ലക്ഷം ലിറ്റര്‍ പാലാണ്. ഇതു പ്രകാരം രണ്ട് കോടി രൂപ മലബാറിലെ ക്ഷീര കര്‍ഷകരിലേക്ക് എത്തിച്ചേരും. നവംബര്‍ ഒന്ന് മുതല്‍ 30 വരെ ഡയറിയില്‍ ലഭിച്ച പാലിന്റെ അളവു കണക്കാക്കി അധിക പാല്‍വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡിസംബര്‍ മാസത്തെ പാല്‍വിലയോടൊപ്പം നല്‍കും. ക്രിസ്തുമസിന് മുമ്പായി സംഘങ്ങള്‍ തുക ക്ഷീര കര്‍ഷകര്‍ക്ക് കൈമാറും. അധിക പാല്വിലയ്ക്കു പുറമെ കാലിത്തീറ്റക്കും സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്.
മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 200 രൂപ വീതവും മില്‍മ ബൈപ്രോ കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 100 രൂപ വീതവും, എംആര്‍ഡിഎഫ് ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന ടിഎംആര്‍ കാലിത്തീറ്റക്ക് കിലോയ്ക്ക് ഒരു രൂപവീതവും നവംബര്‍ മാസത്തില്‍ സബ്സിഡി ലഭിക്കും. ഇതുപ്രകാരം കാലിത്തീറ്റ സബ്സിഡിയായി നവംബര്‍ മാസത്തില്‍ ക്ഷീര കര്‍ഷകരിലേക്ക് 175 ലക്ഷം രൂപ എത്തിച്ചേരും. ഇതുള്‍പ്പെടെ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ മലബാറിലെ ക്ഷീരകര്‍ഷകര്‍ക്ക് 12 കോടി രൂപ മേഖലാ യൂണിയന് സബ്സിഡിയായി അനുവദിച്ചിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റര്‍ വര്‍ക്കി ജോര്‍ജ് അറിയിച്ചു.
Tags :