കോഴിക്കോട്: അടുത്തമാസം മുക്കത്ത് നടക്കുന്ന റവന്യുജില്ലാ സ്കൂള്‍ കലാമേളയുടെ ലോഗോ രൂപകല്പന ചെയ്തതിലൂടെ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഭിന്നശേഷി വിദ്യാര്‍ഥിയായ റജ നൗറിന്.
കാരന്തൂരിലെ മര്‍ക്കസ് ഗേള്‍സ് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയായ റജ നൗറിന് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയാണ്. ലോഗോ ഡിസൈനിംഗിലൂടെ സ്കൂളിലെയും നാട്ടിലെയും താരമായിരിക്കുകയാണ് ഈ 13 വയസുകാരി. കലാമേളയുടെ ലോഗോ ഡിസൈന്‍ ചെയ്യാന്‍ ഇത്തവണ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായിരുന്നു അവസരം. തുടര്‍ന്ന് സ്കൂളിലെ ചിത്രരചനാ അധ്യാപികയാണ് റജായോട് ലോഗോ ഡിസൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. മുക്കത്തിന്റെ മുഖമായ ആല്‍മരമാണ് റജ ഡിസൈന്‍ ചെയ്ത ലോഗോയുടെ പ്രധാന ആകര്‍ഷണം. ഇതിനൊപ്പം ഭരതനാട്യത്തിന്റെ മുദ്രയും വീണ, വീണ വയലിന് ഉള്‍പ്പെടെയുള്ള സംഗീത ഉപകരണങ്ങളുടെയും പാലേറ്റിന്റെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എസ്. അമൃത കഴിഞ്ഞദിവസം ലോഗോ ഔദ്യോഗികമായി പുറത്തിറക്കി. താന്‍ രൂപകല്പന ചെയ്ത ലോഗോ കലാമേളക്കായി തെരഞ്ഞെടുത്തതില്‍ വലിയ സന്തോഷമുണ്ടെന്ന് റജ പറഞ്ഞു.
ജന്മന വലതുകൈ നഷ്ടപ്പെട്ട റജ ഇടതുകൈ ഉപയോഗിച്ചാണ് ചിത്രം വരയ്ക്കുന്നത്. പെന്‍സില്‍ ഡ്രോയിംഗും വാട്ടര്‍ കളറും ഡിജിറ്റല്‍ പെയിന്റിംഗും റജായുടെ ഇടതുകൈയ്ക്ക് അനായാസേന വഴങ്ങും. എങ്കിലും തനിക്ക് ഏറ്റവും ഇഷ്ടം പെന്‍സില്‍ ഡ്രോയിംഗും ഡിജിറ്റല്‍ പെയിന്റിംഗുമാണെന്ന് റജ പറയുന്നു. ചിത്രരചനയ്ക്ക് പുറമെ വായനയിലും അതീവതത്പരയാണ് ഈ കൊച്ചുമിടുക്കി.
സ്കൂള്‍ കലോത്സവങ്ങളില്‍ സ്ഥിരം സാന്നിധ്യമായ റജ നിരവധി സമ്മാനങ്ങളും ഇതിനോടകം വാങ്ങിക്കൂട്ടിയിട്ടുണ്ട്.ലോറി ഡ്രൈവറായ റഷീദാണ് പിതാവ്. അമ്മ ഖദീജ വീട്ടമ്മയാണ്. റാഫില, മുഹമ്മദ് ഇഷാന് എന്നിവരാണ് സഹോദരങ്ങള്‍ .
Tags :