എസ്ഐയുടെ സാന്നിധ്യത്തിൽ സുനീഷ് ഉടമക്ക് തിരികെ നൽകുന്നു.
നാദാപുരം: ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയിൽ ഉടമക്ക് തിരികെ ലഭിച്ചത് പത്തരലക്ഷം രൂപ.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംസ്ഥാന പാതയിൽ കല്ലാച്ചി കൈരളി കോംപ്ലക്സിന് മുന്നിൽ ഓട്ടോ ഡ്രൈവറായ കുമ്മങ്കോട്ടെ തയ്യിൽ സുനീഷിന് വൻ തുക അടങ്ങിയ പൊതി ലഭിക്കുന്നത്. ഉടൻ സുഹൃത്തായ പി.കെ. പ്രദീപന്റെ സഹായത്തോടെ തുക നാദാപുരം പൊലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് സാമുഹിക മാധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പിനെ തുടർന്ന് പണം നഷ്ടപ്പെട്ടവർ ചൊവ്വാഴ്ച്ച രാവിലെ നാദാപുരം പൊലിസ് സ്റ്റേഷനിൽ എത്തി പണത്തിന്റെ ഉറവിടവും, തെളിവും നൽകി പണം തിരികെ വാങ്ങി. കുറ്റ്യാടിയിലെ സ്വർണ സ്ഥാപനത്തിൽ നിന്ന് തലശേരിയിലെ സ്ഥാപനത്തിലേക്ക് നികുതി സംബന്ധമായ ആവശ്യത്തിന് കൊണ്ടുപോവുകയായിരുന്ന 11 ലക്ഷം രൂപയാണ് നഷ്ടമായത്.
അഞ്ഞൂറിന്റെ 22 കെട്ടുകളാണ് ജീവനക്കാരൻ കൊണ്ടുപോയത്. ഇതിനിടയിൽ ഒരു കെട്ട് ഏതോ വാഹനയാത്രക്കാരൻ ടൗണിൽ നിന്ന് എടുത്ത് മാറ്റുന്ന ദൃശ്യവും പൊലിസിന് ലഭിച്ചിട്ടുണ്ട്.
നാദാപുരം എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ തുക ഉടമകൾക്ക് കൈമാറി.
Tags :