കോടഞ്ചേരി: പശ്ചിമഘട്ട ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്ന ശിപാര്‍ശയിലെ ഗുരുതരമായ പൊരുത്തക്കേടുകള്‍ അടിയന്തരമായി തിരുത്തണമെന്ന് കോടഞ്ചേരി പഞ്ചായത്ത് സര്‍വകക്ഷി ഇഎസ്എ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കോടഞ്ചേരി, നെല്ലിപ്പൊയില്‍ വില്ലേജുകളിലെ വനവിസ്തൃതിയും ആകെ വില്ലേജ് വിസ്തൃതിയും വര്‍ധിപ്പിച്ചു കാണിച്ചതായും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും വനമേഖലയില്‍ ഉള്‍പ്പെടുത്തിയതായും കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. ചാക്കോ കാളംപറമ്പില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥ ഭൂവിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാപ്പുകളും കണക്കുകളും പുനഃപരിശോധിച്ച് ജനവാസ-കാര്‍ഷിക മേഖലകളെ അനാവശ്യ നിയന്ത്രണങ്ങളില്‍നിന്നും വനനിയമങ്ങളുടെ ബാധ്യതകളില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും പരിസ്ഥിതി മന്ത്രിക്കും നിവേദനം നല്‍കുകയും ചെയ്തു.
2026 ജൂലൈ 27ന് കേന്ദ്രം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാര്സെപ്റ്റംബര് 24ന് കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊരുത്തക്കേടുകളുള്ളതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കോടഞ്ചേരി പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുകയും പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയെ ചെയര്‍മാനായും പശ്ചിമഘട്ട ജനസംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ചാക്കോ കാളംപറമ്പിലിനെ കണ്‍വീനറായും സര്‍വകക്ഷി ഇഎസ്എ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
എം.ടി. ജോസഫ് മൂത്തേടത്ത്, കെ.പി. ജോര്‍ജ് എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, റിയാനസ് സുബൈര്‍, വിന്‍സെന്റ് വടക്കേമുറി, മിനി സണ്ണി, ബാബു പട്ടരാട്ട്, ജിജി എലുവാലുങ്കല്‍, ശിവദാസന്‍ തുടങ്ങിയവരും കമ്മിറ്റിയിലുണ്ട്. വിഷയത്തിന്റെ ഗൗരവം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി.
ജൂലൈ 27ലെ കേന്ദ്ര കരട് വിജ്ഞാപനത്തില്‍ കോടഞ്ചേരി വില്ലേജിലെ ഇഎസ്എ വനവിസ്തൃതി 585.84 ഹെക്ടറായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സെപ്റ്റംബര്‍ 24ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് 1,473.2 ഹെക്ടറായി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്. ഇതനുസരിച്ച് ഏകദേശം 887.36 ഹെക്ടറിന്റെ വര്‍ധനവാണ് സംഭവിച്ചത്. ഇതില്‍ അടിയന്തരമായി തിരുത്തല്‍ വരുത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
Tags :