കൊയ്യാൻ പാകമായ നെല്ല് വെള്ളം കയറി നശിച്ച നിലയിൽ.
അമ്പലപ്പുഴ: മൂന്ന് പതിറ്റാണ്ട് മുൻപ് നിർമിച്ച പുറം ബണ്ടിന്റെ ബലക്കുറവ് മൂലം പാടശേഖരം മടവീഴ്ചാ ഭീഷണിയിൽ. വെള്ളം കയറിയും മഴയിലും കൊയ്യാൻ പാകമായ 10 ഏക്കറോളം കൃഷി നശിച്ചു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കട്ടക്കുഴി പുളിക്കൽ പാടശേഖരത്താണ് കൃഷി നശിച്ചത്.79 ഏക്കറുള്ള ഇവിടെ 67ഓളം ചെറുകിട കർഷകരാണുള്ളത്. 900 മീറ്ററുള്ള ഇതിന്റെ പുറംബണ്ട് 35 വർഷം മുൻപ് നിർമിച്ചതാണ്. പുറംബണ്ട് പൂർണമായും തകർന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും പുറം ബണ്ടിന്റെ അടിയിലൂടെ വെള്ളം കയറിയും 10 ഏക്കറോളം നെല്ലാണ് വീണ് നശിച്ചത്. 20 ദിവസത്തിന് ശേഷം കൊയ്യാൻ പാകമായ നെല്ല് വീണ് നശിച്ചതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
രണ്ട് മാസം മുൻപും കനത്ത മഴയിൽ മടവീഴ്ചഭീഷണി ഉണ്ടായതോടെ മുപ്പതിനായിരത്തിലധികം രൂപ ചെലവഴിച്ചാണ് ബണ്ട് സംരക്ഷിച്ച് കൃഷി നിലനിർത്തിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. ഇപ്പോൾ ഹിറ്റാച്ചിയുടെയും മറ്റ് തൊഴിലാളികളുടെയും സഹായത്താൽ ബണ്ട് സംരക്ഷിച്ച് ശേഷിക്കുന്ന നെല്ല് കൂടി നിലനിർത്താനുള്ള ശ്രമത്തിലാണ് കർഷകർ.
കൃഷി നാശം കൂടാതെ ബണ്ട് സംരക്ഷണത്തിനും ലക്ഷങ്ങൾ ചെലവഴിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ഏക്കറിന് അറുപതിനായിരത്തോളം രൂപ ചെലവഴിച്ചാണ് കൃഷി നടത്തുന്നത്. ഇതും അധിക പലിശക്ക് പണമെടുത്താണ് ചെയ്യുന്നത്. കൃഷി നാശവും ബണ്ട് സംരക്ഷണവും കൂടി വന്നതോടെ കർഷകർക്ക് അധിക ചെലവ് വന്നിരിക്കുകയാണ്.
കൃഷി ഭവനിലും പഞ്ചായത്തിലുമൊക്കെ പരാതി നൽകിയിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. സമീപത്തെ തോട്ടിൽ കാക്കാഴം കാപ്പിത്തോട്ടിൽ നിന്നുള്ള മലിന ജലം കലർന്നിരിക്കുകയാണ്.
ഈ വെള്ളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഇതിനെ തുടർന്ന് പാടശേഖരമാകെ എണ്ണമയം കലർന്നിരിക്കുകയാണ്. ഇതിനും പരിഹാരം തേടി പലയിടത്തും പോയിട്ടും പ്രയോജനമുണ്ടാകാതെ വന്നതോടെ ഇനി കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്നാണ് കർഷകർ പറയുന്നത്.
കൃഷി നടത്താതെ വരുന്നതോടെ പുറം ബണ്ടിന് ചുറ്റുമുള്ള 60 ഓളം വീടുകളും വെള്ളക്കെട്ടിലാകും.
വിത്ത് നൽകുന്നതല്ലാതെ മറ്റ് യാതൊരു ആനുകൂല്യമോ സഹായമോ സർക്കാർ ഭാഗത്തു നിന്ന് തങ്ങൾക്കുണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഇത്രയും കൃഷി നാശമുണ്ടായിട്ടും നഷ്ട പരിഹാരം ലഭ്യമാക്കാൻ ഉദ്യോഗഥർ തയ്യാറാകുന്നില്ലെന്നും കർഷകർ പറയുന്നു.
ഈ സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഇവർ പറയുന്നത്.
Tags :