പെരിന്തല്‍മണ്ണ: അഴുക്കുചാലുകളിലേക്ക് ശുചിമുറി മാലിന്യവും സംസ്കരിക്കാത്ത മലിനജലവും ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന് പെരിന്തല്‍മണ്ണ നഗരസഭ. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഊട്ടി റോഡിലെ ഡ്രൈനേജുകളിലെ സ്ലാബുകള്‍ ഉയര്‍ത്തി മാറ്റി വ്യാപക പരിശോധന ആരംഭിച്ചു.
വ്യാപാര സ്ഥാപനങ്ങളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും രഹസ്യ പൈപ്പുകള്‍ വഴി സംസ്കരിക്കാത്ത മലിനജലം നേരിട്ട് ഡ്രൈനേജിലേക്ക് തുറന്നുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ കണ്ടെത്തുന്ന പൈപ്പുകള്‍ പ്രത്യേക സിമന്റ് മിശ്രിതം ഉപയോഗിച്ച് ഉടന്‍ അടയ്ക്കുന്നുണ്ട്.
ആവശ്യമായ മലിനജല സംസ്കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്തി ലൈസന്‍സ് റദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍
സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി എസ്. പ്രദീപ് അറിയിച്ചു.
അതേസമയം, നഗരസഭയുടെ നടപടിക്കെതിരേ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളില്‍നിന്ന് പാത്രങ്ങളും കൈകളും കഴുകുന്ന വെള്ളം മാത്രമാണ് ഒഴുകുന്നതെന്നും, അതിനേക്കാള്‍ ഇരട്ടി ദുര്‍ഗന്ധമുള്ള മാലിന്യമാണ് നഗരസഭയുടെ സ്വന്തം സ്ഥാപനങ്ങളായ ഇന്‍ഡോര്‍ മാര്‍ക്കറ്റില്‍നിന്നും ബസ് സ്റ്റാന്‍ഡില്‍നിന്നും പുറന്തള്ളുന്നതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഇന്‍ഡോര്‍ മാര്‍ക്കറ്റിന് ഇതുവരെയും കൃത്യമായ ഡ്രൈനേജ് സംവിധാനമില്ല. സ്വന്തം സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ചെറുകിട വ്യാപാരികളെ മാത്രം ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് നഗരസഭയുടേതെന്നും മലിനജല സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാവകാശം അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Tags :