തകർച്ചയിലായ മണിമല കൊച്ചുപാലം.
മണിമല: മണിമലയാറിന് കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച കൊച്ചുപാലം കാലപ്പഴക്കത്തിലും അവഗണനയിലും തകർന്നുവീഴുന്നു.
മലയോര ജനതയുടെ ഗതാഗതചരിത്രത്തിൽ വലിയൊരു ഏടായ ഈ പാലത്തിന്റെ സംരക്ഷണം ഇനിയും വൈകരുതെന്ന ആവശ്യവുമായി നാട്ടുകാരും ചരിത്രസ്നേഹികളും രംഗത്ത്.
ഗതാഗത ചരിത്രത്തിലെ നാഴികക്കല്ല്
ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ ഈ പ്രദേശത്തെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മണിമലയാറിന് മുകളിലൂടെ കൊച്ചുപാലം നിർമിച്ചത്. അന്നത്തെ കാലത്ത് ചരക്കുനീക്കത്തിനും കാൽനടയാത്രക്കാർക്ക് മലയോര മേഖലയെ ബന്ധിപ്പിക്കുന്നതിനും ഈ പാലം നിർണായക പങ്ക് വഹിച്ചിരുന്നു. അന്നത്തെ എൻജിനിയറിംഗ് മികവിന്റെ ഉദാഹരണമായ ഈ പാലത്തിന്റെ നിർമാണശൈലി ഇന്നും കൗതുകമുണർത്തുന്നതാണ്.
അവഗണനയും കാടുകയറിയ അവസ്ഥയും
കാലക്രമേണ പുതിയ പാലങ്ങൾ വന്നതോടെ കൊച്ചുപാലം അധികാരികളുടെയും ജനപ്രതിനിധികളുടെയും കണ്ണിൽപ്പെടാതെയായി. നിലവിൽ പാലത്തിന്റെ മുകളിൽ പാകിയിരുന്ന കരിങ്കൽ പാളികൾ പലതും ഇളകിപ്പോയിരിക്കുന്നു. കോൺക്രീറ്റ് അടർന്നുവീണും ദുർബലമായ അവസ്ഥയിലാണ്. പാലത്തിനു മുകളിലും പരിസരങ്ങളിലും കാടും വള്ളികളും പടർന്നുപിടിച്ചതും ആറ്റിലൂടെ ഒഴുകി എത്തിയ മാലിന്യങ്ങളും പാഴ്വസ്തുകളും തങ്ങിനിൽക്കുന്നതുംമൂലം പാലത്തിന്റെ അവശിഷ്ടങ്ങൾ പോലും കാണാൻ കഴിയാത്തവിധം മൂടിക്കിടക്കുകയാണ്.
നാട്ടുകാരുടെ ആവശ്യം
പാലം സ്ഥിതി ചെയ്യുന്ന പ്രദേശം കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കണമെന്നും പുരാവസ്തു വകുപ്പിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ നേതൃത്വത്തിൽ പാലം പുനരുദ്ധരിച്ച് സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കേരളത്തിൽ ബ്രിട്ടീഷ് ഭരണമുണ്ടായിരുന്ന കാലത്താണ് ഈ പാലം നിർമിക്കപ്പെട്ടത്. ഇതിന്റെ കൃത്യമായ നിർമാണവർഷം ഔദ്യോഗിക രേഖകളിൽ വ്യക്തമല്ലെങ്കിലും നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു ചരിത്ര സ്മാരകമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ചുണ്ണാമ്പ്, സുർക്കി (ചെങ്കല്ല് പൊടിച്ചത്), കരിങ്കല്ല്, മണൽ എന്നിവയുടെ പ്രത്യേക മിശ്രിതമാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആധുനിക യന്ത്രങ്ങളോ സാങ്കേതികവിദ്യയോ ഇല്ലാതിരുന്ന കാലത്ത് കരിങ്കല്ലും ചുണ്ണാമ്പ് മിശ്രിതവും ഉപയോഗിച്ച് ആർച്ചുകളായി പണിതുയർത്തിയ ഇതിന്റെ വാസ്തുവിദ്യ ഏറെ കൗതുകമുണർത്തുന്നതാണ്.
Tags :