പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പള്ളിക്കവലയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഒരൊറ്റ മഴയിൽ റോഡ് തോടായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മുണ്ടൻവരമ്പ്, ഇലയ്ക്കാട് റോഡുകളിൽനിന്ന് പള്ളിക്കവലയിൽ എത്തുന്ന വെള്ളം വലിയതോട്ടിൽ എത്താൻ കാര്യമായ വഴികൾ ഇല്ലാത്തതാണ് പ്രതിസന്ധിക്കു പ്രധാന കാരണം.
കെ.ആർ. നാരായണൻ ബൈപാസ് നിർമാണത്തിന്റെ മറവിൽ സമീപ സ്ഥലങ്ങളിലെ പാടങ്ങളെല്ലാം മണ്ണിട്ട് നികത്തിയതോടെ പള്ളിക്കവലയിൽനിന്ന് വെള്ളം ഒഴുകി വലിയ തോട്ടിൽ എത്താൻ വഴിയില്ലാത്ത സാഹചര്യമാണ് ഉടലെടുത്തത്. പള്ളിവക കെട്ടിടത്തിന്റെ വശങ്ങളിലെ ഓടകളിലൂടെ എത്തുന്ന വെള്ളം കടന്നുപോകാൻ കഴിയാത്ത വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും സ്വകാര്യ വ്യക്തികൾ നടത്തിയിട്ടുണ്ട്.
ദുരന്തനിവാരണ നിയമം പരിഗണിച്ച് പള്ളിക്കവലയിലെ വെള്ളക്കെട്ട് നീക്കാൻ നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്. ബൈപാസ് പൂർത്തീകരണവുമായി ബന്ധപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങളിൽ പള്ളിക്കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എംസി റോഡിലേതടക്കമുള്ള ഓടകളിൽ മണ്ണും മാലിന്യങ്ങളും നിറയുന്നതും മാലിന്യക്കുഴലുകൾ ഓടയിലേക്ക് സ്ഥാപിക്കുന്നതും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
പള്ളിക്കവലയിൽ റോഡിൽ വെള്ളം ഉയരുന്നതിന് പിന്നാലെ കടകമ്പോളങ്ങളിലേക്കും വെള്ളം കയറുന്നത് വലിയ നാശനഷ്ടങ്ങൾക്കും സാഹചര്യം ഒരുക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നാണ് ജനകീയ ആവശ്യം.
Tags :