പാമ്പാടി 13-ാം മൈലില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കൃപ മെറിന് കുര്യന്റെ ഭൗതിക ശരീരത്തിനരികെ വിലപിക്കുന്ന മാതാപിതാക്കളും ബന്
പാമ്പാടി: കാത്തുനിന്നു റോസാപ്പൂക്കളര്‍പ്പിച്ചു കൃപയ്ക്കു യാത്രാമൊഴിയേകി സഹപാഠികളും സുഹൃത്തുക്കളും. കഴിഞ്ഞദിവസം 13-ാം മൈലിനുസമീപമുണ്ടായ അപകടത്തില്‍ മരിച്ച പാമ്പാടി പൊത്തന്‍പുറം ബ്ലോസംവാലി ഡയറക്ടര്‍ കടവുംഭാഗത്ത് ഫാ. കുര്യാക്കോസിന്റെ മകള്‍ കൃപ മെറിന് കുര്യന്റെ (25) സംസ്കാരം ഇന്നലെ പൊത്തന്‍പുറം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി.
മണര്‍കാട് സെന്റ് മേരീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ വിലാപയാത്രയായി പൊത്തന്‍പുറത്തെ വീട്ടിലെത്തിച്ചു. തുടര്‍ന്നു സംസ്കാര ശുശ്രൂഷയിലെ ആദ്യക്രമം നടത്തി. തുടര്‍ന്ന് ബ്ലോസംവാലി ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ പൊതുദര്‍ശനത്തിനു വച്ചു. ഒപ്പം പഠിച്ചിരുന്നവരും സുഹൃത്തുക്കളും ഫാ. കുര്യാക്കോസിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന വന്‍ജനാവലി സംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് ഒന്നിന് ശുശ്രൂഷയുടെ അടുത്തക്രമം ബ്ലോസംവാലിയില് നടത്തി. സുന്നഹദോസ് സെക്രട്ടറിയും ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറസ്, മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, സഖറിയാസ് മാര്‍ പീലക്സിനോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ അന്തിമോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ തീമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ്, ഏലിയാസ് മാര്‍ യൂലിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ ശുശ്രൂഷയ്ക്കു സഹകാര്‍മികത്വം വഹിച്ചു.
സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, വൈദിക സെക്രട്ടറി ഫാ. ജോണ്‍ ഐപ്പ്, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, റെജി സ്കറിയ, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. സഭയുടെ അന്തിമോപചാരം സഭാ ട്രസ്റ്റിയും സെക്രട്ടറിയും ചേര്‍ന്ന് അര്‍പ്പിച്ചു.
അപകടത്തില്‍ മരിച്ച മണര്‍കാട് ഇല്ലിവളവ് ഓട്ടോസ്കാന്‍ വര്‍ക്ക്ഷോപ്പ് ഉടമ മീനടം വട്ടക്കാവുങ്കല് വി.വി. തോമസിന്റെ (കൊച്ചുമോന്) മകള്‍ ആസ്ലി ആന്‍ തോമസിന്റെ (25) മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മീനടം ഉണക്കപ്ലാവ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
മെത്രാപ്പോലീത്തമാരായ സഖറിയാസ് മാര്‍ പീലക്സിനോസ്, മാത്യൂസ് മാര്‍ അന്തിമോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നിവര്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിച്ചു.
Tags :