മൈലന്പുള്ളിയിൽ നിർമാണം പുരോഗമിക്കുന്ന ടോൾ കേന്ദ്രം.
കല്ലടിക്കോട്: ദേശീയപാതയുടെ നിലവാരമില്ലെങ്കിലും ടോൾപിരിക്കാനുള്ള ദേശീയപാത അഥോറിറ്റിയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു.
രണ്ടുവരിപ്പാതയിൽ സമീപത്തെ വീടുകൾക്കും കടകൾക്കും ആരാധനാലയങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് മൈലന്പുള്ളിയിൽ പുതിയ ടോൾ കേന്ദ്രം നിർമിച്ചിരിക്കുന്നത്.
ഒറ്റവരിയിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഈ വീതികുറഞ്ഞ ഭാഗത്ത് ടോൾ കേന്ദ്രം നിർമിച്ചതോടെ വാഹനങ്ങൾ സാവധാനമാണ് കടന്നുപോകുന്നത്. ടോൾ പിരിവ് തുടങ്ങിയാൽ നീണ്ട ക്യൂ രൂപപ്പെടുമെന്നാണ് യാത്രക്കാർ പറയുന്നത്. ഒറ്റവരിയായതിനാൽ ആംബുലൻസടക്കമൂള്ള എമർജൻസി വാഹനങ്ങൾക്കും ക്യൂ നിൽക്കേണ്ടി വരും.
ഇതു രോഗികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനോ ചികിത്സനൽകാനോ സാധിക്കാത്ത സാഹചര്യമുണ്ടാക്കും.
റോഡിന്റെ നിർമാണത്തിലും നിരവധി പരാതികളാണൂള്ളത്. സ്ഥലം ഏറ്റെടുക്കാതെ നിലവിലുള്ള റോഡ് നിർമിക്കുകയാണ് ചെയ്തിട്ടുള്ളത്.ആദ്യം മുണ്ടൂർ പൊരിയാനിയിലാണ് ടോൾ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത്.
സ്ഥലം കോൺക്രിറ്റ് ചെയ്ത് ഒരുക്കുകയും ചെയ്തിരുന്നു.
\സംസ്ഥാന പാതയായ തൂത പാതയിൽനിന്ന് വരുന്ന വാഹനങ്ങളിൽനിന്ന് ടോൾ പിരിക്കുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നുപറഞ്ഞ് മലമ്പുഴ എംഎൽഎ എ. പ്രഭാകരനടക്കമുള്ളവർ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ടോൾ കേന്ദ്രം തിരക്കേറിയതും വീതികുറഞ്ഞതുമായ മൈലമ്പുള്ളി കവലയിലേയ്ക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചത്.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ടോൾ കേന്ദ്രത്തിനെതിരേ പ്രതിഷേധം കനക്കുകയാണ്.
Tags : NattuVishesham DistrictNews