മീശപ്പുലിമലയില്‍ പൂത്തുനില്ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കള്‍.
മൂന്നാര്‍: നീലക്കുറിഞ്ഞിവസന്തം അവസാനിച്ചെങ്കിലും മീശപ്പുലിമല മേഖലയില്‍ വൈകിയാണ് ഇത്തവണ നീലവസന്തം എത്തിയത്.
മലനിരകളെ പൊതിഞ്ഞുനില്‍ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളും അവയെ തഴുകിയെത്തുന്ന കോടമഞ്ഞും കാഴ്ചയുടെ വിരുന്നൊരുക്കുന്ന വരയാടിന്കൂട്ടങ്ങളും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രകൃതി ഒരുക്കിയിരിക്കുന്ന ഈ നീലവസന്തം ആസ്വദിക്കാന്‍ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മീശപ്പുലിമല എന്നത് സ്വപ്നഭൂമികയെങ്കില് ആ മലനിരകളിലേക്കു കടന്നുവന്ന നീലവസന്തം വലിയ മാന്ത്രികതയാണ് സമ്മാനിക്കുന്നത്. മീശപ്പുലിമലയിലേക്കുള്ള യാത്ര തുടങ്ങുന്നത് കെഎഫ്ഡിസിയുടെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍നിന്നാണ്.
സ്വന്തം വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തശേഷം വനംവകുപ്പ് ഒരുക്കിയ വാഹനത്തിലാണ് സഞ്ചാരികള്‍ യാത്ര തുടരേണ്ടത്. സൈലന്റ് വാലി എസ്റ്റേറ്റ് വഴി ബേസ് ക്യാമ്പിലെത്തി അവിടെനിന്ന് വീണ്ടും യാത്ര ചെയ്താണ് നീലക്കുറിഞ്ഞി പൂത്തുനില്ക്കുന്ന വ്യൂ പോയിന്റിലെത്തുന്നത്.
മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാനും കോടമഞ്ഞില്‍ പൊതിഞ്ഞ കാഴ്ചകള്‍ കാമറയില്‍ പകര്‍ത്താനും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. വ്യൂ പോയിന്റിലെ കാഴ്ചകള്‍ക്കപ്പുറവും മീശപ്പുലിമലയില്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ അവസരങ്ങളുണ്ട്.
മലനിരകളെ കൂടുതല്‍ അടുത്തറിയാന്‍ ട്രെക്കിംഗിനും ഇവിടെ താമസിച്ച് കോടമഞ്ഞിന്റെയും പ്രകൃതിയുടെയും സൗന്ദര്യം ആസ്വദിക്കാനും കഴിയും. ഇതിനായി പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
നീലക്കുറിഞ്ഞിവസന്തം ആസ്വദിക്കാനായി നാലുമണിക്കൂര്‍ നീളുന്ന പ്രത്യേക പാക്കേജാണ് കെഎഫ്ഡിസി ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 1,416 രൂപയാണ് നിരക്ക്.
യാത്രാസൗകര്യം, പ്രവേശനം, ലഘുഭക്ഷണം, ഗൈഡിന്റെ സേവനം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. വനംവകുപ്പിന്റെ വെബ്സൈറ്റ് വഴിയും നീലക്കുറിഞ്ഞി ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒരു ദിവസം പരമാവധി 750 പേര്‍ക്കാണ് പ്രവേശനം.
എന്നാല്‍, ഒരേസമയം നൂറു പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. രാവിലെ ആറ്-ഒന്‍പത്, ഒന്‍പത്-12, 12-3, 3-6 എന്നിങ്ങനെ വിവിധ ഷിഫ്റ്റുകളായാണ് പ്രവേശനം. കണ്ടാലും കണ്ടാലും മതിവരാത്ത നീലവസന്തം ആവോളം ആസ്വദിക്കാന്‍ നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.
Tags :