കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയിൽ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി. കൂവപ്പാറ മുസ്ലിം പള്ളിക്ക് സമീപം കട്ടായത്ത് അലിയാരുടെ പുരയിടത്തിലെ ഉപയോഗശൂന്യമായിക്കിടന്ന ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് ഇന്നലെ പുലർച്ചെ പൂർണ വളർച്ചയെത്തിയ കാട്ടുകൊമ്പൻ വീണത്.
പുലര്‍ച്ചെയാണ് ആന വീണുകിടക്കുന്ന വിവരം വീട്ടുകാരും നാട്ടുകാരും അറിയുന്നത്. കൊമ്പുകൊണ്ട് കുത്തി മണ്ണിടിച്ച് കരകയറാനുള്ള തത്രപ്പാടിലായിരുന്നു കൊമ്പന്. ആഴമുള്ള കിണറായിരുന്നതിനാൽ സ്വയം രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് കിണറിടിച്ച് ആനയെ കരകയറ്റി രക്ഷപ്പെടുത്താനായി ഉദ്യോഗസ്ഥർ മണ്ണുമാന്തിയെന്ത്രവുമായി രാവിലെ തന്നെ സ്ഥലത്തെത്തി. പ്രദേശത്ത് സ്ഥിരമായി ചുറ്റിത്തിരിഞ്ഞ് നാശം വരുന്ന ഒറ്റയാനാണ് കിണറ്റിൽ വീണത്.
പ്രതിഷേധവുമായി നാട്ടുകാർ
ആനയെ മയക്കുവെടി വച്ച് പ്രദേശത്ത് നിന്ന് നീക്കണമെന്നും ആനശല്യത്തിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി തിരിഞ്ഞതോടെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടിയും വന്നു. പുറത്ത് പ്രതിഷേധവും ചര്‍ച്ചകളും നടക്കുമ്പോള്‍ കുഴിക്കുള്ളില്‍ ആന വെപ്രാളത്തോടെ ചുറ്റിത്തിരിഞ്ഞു. തുമ്പിക്കൈയില്‍ മാരകമായ മുറിവേറ്റിട്ടുള്ളതായും നാട്ടുകാര്‍ കണ്ടെത്തി.
കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയില്‍ വനത്തില്‍ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള ജനവാസമേഖലയാണിത്. കിണറ്റിനുള്ളിൽ വച്ച് മയക്കുവെടി വയ്ക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ആദ്യഘട്ടത്തിൽ നാട്ടുകാര്‍ വഴങ്ങിയില്ല. തുമ്പിക്കൈയിലുള്ള മാരക മുറിവിനേ തുടര്‍ന്ന് ആനയുടെ ആരോഗ്യസ്ഥിതിയിലുള്ള സംശയവും അധികൃതര്‍ പങ്കുവച്ചു. സംഭവ സ്ഥലത്തെത്തിയ ഷിബു തെക്കുംപുറം എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ആനയെ കരയ്ക്ക് കയറ്റി രക്ഷപ്പെടുത്താൻ തീരുമാനമെടുക്കുയായിരുന്നു.
ആനക്ക് പരിക്കേറ്റിട്ടുള്ളതിനാൽ മയക്കുവെടി വയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആന പ്രദേശത്ത് വരും ദിവസങ്ങളിലും ജനവാസ മേഖലയിൽ സ്ഥിരം എത്തുകയാണെങ്കിൽ മയക്കുവെടിവച്ച് പിടികൂടാമെന്ന ഉറപ്പ് വാങ്ങിയതിനു പുറമേ പ്രദേശത്ത് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള തീരുമാനവും എടുപ്പിച്ചു. ചര്‍ച്ചയിലുണ്ടായ ധാരണ എംഎല്‍എ നാട്ടുകാരോട് വിശദീകരിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
ഉച്ചയ്ക്ക് 2.30 ഓടെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. വനപാലകരുടെ നേതൃത്വത്തില്‍ കിണറിന്റെ വശമിടിച്ചുണ്ടാക്കിയ വഴിയിലൂടെ ആനയെ കരയ്ക്കുകയറ്റി. 12 മണിക്കൂറിലധികം നീണ്ട കിണർവാസത്തിന് ശേഷമാണ് ആനയ്ക്ക് കരകയറാനായത്. രക്ഷപ്പെട്ടോടുന്നതിനിടയില്‍ ആന ജെസിബിക്ക് ഒരു തട്ടും നല്കി. പിന്നീട് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചു ആനയെ വനത്തിലേക്ക് തുരത്തുകയും ചെയ്തു.
ആന വീണ കിണർ പുനര്‍നിര്‍മിച്ചുനല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. ആവശ്യമായ തുക പഞ്ചായത്തില്‍ നിന്ന് നല്‍കും. ഷിബു തെക്കുംപുറം എംഎല്‍എ, മലയാറ്റൂര്‍ ഡിഎഫ്ഒ പി. കാര്‍ത്തിക് തുടങ്ങിയവരും മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും കുട്ടമ്പുഴ പോലീസും രക്ഷാദൗത്യത്തിന് നേതൃത്വം നല്കി. എംഎല്‍എയോടൊപ്പം ജനപ്രതിനിധികളായ ജെസി സാജു, വിജോയി പുളിനാട്ട്, മേരി കുര്യാക്കോസ്, രാഷ്ട്രീയ നേതാക്കളായ എസ്. സതീഷ്, ആര്. അനില്‍കുമാര്‍, കെ.എ. ജോയി, പി.പി. ജോഷി, തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
കാട്ടുകൊമ്പൻ ഇനിയും ഇറങ്ങിയാൽ മയക്കുവെടിവച്ച് മാറ്റും: എംഎൽഎ
കോതമംഗലം: കിണറിൽ നിന്ന് കരകയറ്റിയ കാട്ടുകൊമ്പനെ വരും ദിവസങ്ങളിൽ ഡ്രോൺ സംവിധാനമുപയോഗിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടും നിരീക്ഷിക്കും. ഇതിനായി നാല് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഫോറസ്റ്റ് വാച്ചർമാരുടെ സേവനവും പ്രയോജനപ്പെടുത്തുമെന്നും ഷിബു തെക്കുപുറം എംഎൽഎ പറഞ്ഞു.
ഇനിയും കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെങ്കിൽ മയക്കുവെടിവെച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. പ്രദേശത്ത് വന്യമൃഗ ശല്യം ആവർത്തിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് അടിയന്തരമായി ഫെൻസിംഗ് നിർമിക്കാനും തീരുമാനിച്ചു. ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
Tags : nattu vishesham wild elephant into a well in