അരൂർ മാവേലി സ്റ്റോറിൽ വനം വകുപ്പ് ആർആർടി ടീം പരിശോധന നടത്തുന്നു.
നാദാപുരം: മാവേലി സ്റ്റോറിൽ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. താത്കാലിക ജീവനക്കാരി അരൂരിലെ വി.ടി. നിഷ (42) നെയാണ് അരൂർ കോട്ട് മുക്കിലെ മാവേലി സ്റ്റോറിനുള്ളിൽ നിന്ന് പാമ്പ് കടിച്ചത്. നിഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ച മുമ്പ് മറ്റൊരു ജീവനക്കാരി മല്ലികയ്ക്കും സ്റ്റോറിന് അകത്ത് നിന്ന് പാമ്പ് കടിയേറ്റിരുന്നു. വനം വകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച്ച രാവിലെ ആർആർടി സംഘം എത്തി നാട്ടുകാരോടൊപ്പം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. സ്റ്റോറിന്റെ പിൻഭാഗത്ത് വലിയ ഗർത്തം കണ്ടെത്തിയിട്ടുണ്ട്. ഈ ഗർത്തം വഴിയാണ് പാമ്പ് കയറുന്നതെന്ന് സംശയിക്കുന്നു.
ഈ ഭാഗത്ത് മണ്ണും കുന്നുകൂടി കിടക്കുന്നുണ്ട്. ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്ന വരും ജാഗ്രത പുലർത്തണമെന്ന് ആർആർടി സംഘം മുന്നറിയിപ്പ് നൽകി.
Tags : Local News Nattuvishesham Kozhikode