അബാൻ മേൽപാലത്തിലേക്ക് കയറാനുള്ള താത്കാലിക സമീപനപാത.
പത്തനംതിട്ട: അബാൻ മേൽപാലം നിർമാണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ അവസാനിക്കുന്നില്ല. പാലത്തിന്റെ പൂർത്തീകരണം സംബന്ധിച്ച അനിശ്ചിതത്വം ഒഴിയുന്നില്ല. ഡിസൈൻ ചെയ്യാതെയാണ് പത്തനംതിട്ട അബാൻ മേൽപാലം പണികൾ ആരംഭിച്ചതെന്ന് അബിൻ വർക്കി എംഎൽഎ കഴിഞ്ഞദിവസം വ്യക്തമാക്കിയത് മറ്റൊരു വിവാദത്തിനു കാരണമായിരിക്കുകയാണ്. മേൽപാലത്തിന്റെ ഡിസൈൻ അപൂർണമാണെന്ന് സ്ഥലം എംഎൽഎ അബിൻ വർക്കി പറയുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ആദ്യഘട്ടത്തിൽ തന്നെ നിർമാണം തുടങ്ങിയ പാലമാണിത്. അഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും നിർമാണം പൂർത്തീകരിക്കാനായില്ല. പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിലൂടെയുള്ള റിംഗ് റോഡിലാണ് മേൽപാലം നിർമിച്ചു തുടങ്ങിയത്. എസ്പി ഓഫീസ് അബാൻ ജംഗ്ഷൻ റിംഗ് റോഡിൽ നിന്നാരംഭിച്ച് അബാൻ ജംഗ്ഷൻ സ്റ്റേഡിയം റിംഗ് റോഡിലേക്ക് ഇറങ്ങുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.
കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് അബാന്‍ മേൽപാലത്തിന്റെ നിര്‍മാണച്ചുമതല. ജില്ലാ ആസ്ഥാനത്തെ ആദ്യ മേൽപാലം കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്.ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടാണ് മേൽപാലം പദ്ധതി ഉണ്ടായതെന്ന് പറയുന്നു. മൈലപ്ര റോഡിലൂടെ എസ്പി ഓഫീസ് ജംഗ്ഷനിലെ റിംഗ് റോഡിൽ പ്രവേശിച്ച് അബാൻ മേൽപാലത്തിലേക്ക് കയറുന്ന വാഹനത്തിന് ഇറങ്ങാനാകുക സ്റ്റേഡിയം ജംഗ്ഷൻ റോഡിലേക്കാണ്.
ലവിൽ മേൽപാലത്തിന്റെ ഒരു പ്രവേശനം പാർഥസാരഥി ബിൽഡിംഗ് കഴിഞ്ഞ് പെട്രോൾ പന്പിനു സമീപത്തു നിന്നാണ്. മറുഭാഗത്തേത് മുത്തൂറ്റ് ആശുപത്രിക്കു മുന്‍പിലാണ്. ഹ്രസ്വദൂര യാത്രയ്ക്കായുള്ള പാലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് അബാൻ ജംഗ്ഷനിലെ ട്രാഫിക് കുരുക്കിൽപെടാതെ സ്റ്റേഡിയം ജംഗ്ഷൻവരെ എത്താമെന്നതു മാത്രമാണ് പ്രയോജനം.നഗരമധ്യത്തിലേക്കോ കണ്ണങ്കര, കുന്പഴ ഭാഗങ്ങളിലേക്കോ പാലത്തിൽ നിന്നും വഴി ഇല്ല. ഈ ഭാഗത്തേക്കുള്ള യാത്രക്കാർ പ്രധാന റോഡിലേക്ക് ഇറങ്ങണമെങ്കിൽ പാലത്തിന്റെ അവസാന ഭാഗത്തെത്തി റിംഗ് റോഡിലൂടെ നീങ്ങണം.
പോരായ്മകൾ ബോധ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിയുംയുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം മൂന്നുതവണയാണ് അബാൻ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി തന്നെ യോഗം വിളിച്ചത്.മേൽപാലത്തിന്റെ എസ്റ്റിമേറ്റിലും ഡിസൈനിലും തുടക്കം മുതൽ പിഴവ് ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ തല യോഗത്തിലും ജനപ്രതിനിധികളുടെ യോഗത്തിലും ചൂണ്ടിക്കാണിക്കപ്പെട്ടു. ഡിസൈൻ, വർക്ക് എസ്റ്റിമേറ്റ് എന്നിവ റിവൈയ്സ് ചെയ്യാനുള്ള പദ്ധതി രേഖ ഉടൻ സമർപ്പിക്കാൻ പിന്നാലെ കരാറുകാർക്ക് മന്ത്രി നിർദേശവും നൽകി.
43 കോടി രൂപയുടെ ജോലികളാണ് അംഗീകരിച്ചത്. ഇതിൽ 34 കോടി രൂപയും കരാറുകാരനു നൽകിയതായി പറയുന്നു. രണ്ട് കോടിയുടെ ബില്ല് മാത്രമാണ് കരാറാകാരൻ പിഡബ്ല്യുഡിക്ക് നൽകിയത്. നിലവിൽ 40 ശതമാനം പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. തുടർന്നുള്ള പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് ആറുമാസം കൂടിയാണ് കരാറുകാരൻ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ കർശന ഉപാധികളോടെയാണ് മന്ത്രി സ്വീകരിച്ചത്. പണികൾ പൂർത്തീകരിക്കാനാകുന്ന തീയതിയും വ്യവസ്ഥകളും ഉൾപ്പെടുത്തി എഗ്രിമെന്റ് എഴുതി നൽകണമെന്നും പാലിക്കാത്ത പക്ഷം രാജ്യത്ത് ഒരിടത്തും പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത വിധം കരിന്പട്ടികയിൽ പെടുത്തുമെന്ന താക്കീതും നൽകിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലും അനിശ്ചിതത്വത്തിൽ
51 ഗുണഭോക്താക്കളിൽ നിന്നാണ് സർവീസ് റോഡ് ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കേണ്ടത്. ഇതിൽ 40 പേരെയും നേരിൽ കണ്ട് സംസാരിച്ചതായി എംഎൽഎ പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സനനദ്ധത അറിയിച്ചവർക്ക് തുക ഉടൻ വിതരണം ചെയ്യുമെന്നും അവശേഷിക്കുന്നവരുമായി ചർച്ച പുരോഗമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. റിംഗ് റോഡിന്റെ നിലവിലെ വീതി കൂടി അപഹരിച്ചാണ് മേൽപാലത്തിന്റെ നിർമാണം നടത്തിയിരിക്കുന്നത്. പാലത്തിന്റെ തൂണുകൾ പൂർണമായി റിംഗ് റോഡിലാണ്. ഇതോടെ റോഡിന്റെ വീതി കുറഞ്ഞു. ബസുകൾ ഉൾപ്പെടെ കടന്നുപോകണമെങ്കിൽ വീതി കൂട്ടേണ്ടിവരും. സമീപനപാതകൾക്കായി സ്ഥലം വിട്ടുകൊടുക്കാൻ ഭൂഉടമകൾ തയാറാണെങ്കിലും വർഷങ്ങളായി ഇവർ ഉന്നയിക്കുന്ന ആവശ്യങ്ങളോടു ക്രിയാത്മക പ്രതികരണം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് ആക്ഷേപം.
Tags :