കനവത്ത് കുഞ്ഞാലി
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ പുളിയാവിൽ 14 വയസ്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുളിയാവ് സ്വദേശി കനവത്ത് കുഞ്ഞാലി (66) നെയാണ് നാദാപുരം സിഐ കെ. മുരളിധരൻ, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.
വിദ്യാർഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ പ്രതി ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ പ്രതി വീട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കല്ലാച്ചിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. 14 കാരനെ പ്രതിയുടെ സ്കൂട്ടറിൽ കൊണ്ട് പോയാണ് പീഡനത്തിനിരയാക്കിയത്. സ്കൂട്ടറും പൊലിസ് കസ്റ്റഡിയിലെടുത്തു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.