ബ്യൂട്ടി പാർലർ കത്തിനശിച്ച നിലയിൽ
അമ്പലപ്പുഴ: ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. ആർക്കും പരിക്കില്ല. അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കഞ്ഞിപ്പാടം മുപ്പത്തിയഞ്ചിൽ അഡ്വ. സുരേഷിന്റെ ഭാര്യ ആശയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. രാവിലെ 10.30ഓടെ ആശ സ്ഥാപനം തുറന്ന് എസി ഓണാക്കിയപ്പോൾ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഉടൻ തന്നെ ആശ പുറത്തേക്കിറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി.
തൊട്ടടുത്ത മറ്റൊരു ഗോഡൗണിലേക്കും തീ പടർന്നു. തകഴിയിൽ നിന്നെത്തിയ രണ്ട് യുണിറ്റ് ഫയർഫോഴ്സുദ്യോഗസ്ഥർ അര മണിക്കൂറിലധികം പണിപ്പെട്ടാണ് തീയണച്ചത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തായിരുന്നു തീ പിടിത്തമുണ്ടായത്. ബ്യൂട്ടി പാർലറും തൊട്ടടുത്ത കടമുറിയിലെ സാധനങ്ങളും പൂർണമായി കത്തിനശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാലു വർഷമായി ഇവിടെ ബ്യൂട്ടി പാർലർ പ്രവർത്തിച്ചു വരികയായിരുന്നു.
Tags :