കീട നിയന്ത്രണ പരിശീലന പരിപാടിയിൽ പങ്കെടുത്ത കർഷകർ.
പേരാമ്പ്ര: കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രം, സംസ്ഥാന കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പെസ്റ്റിസൈഡ് റെസിഡ്യൂ അനലിറ്റിക്കൽ ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെ കേന്ദ്ര സർക്കാരിന്റെ എംപിആർഎൻഎൽ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്കിലെ കർഷകർക്കായി സംഘടിപ്പിച്ച ദ്വിദിന സംയോജിത കീട നിയന്ത്രണ പരിശീലന പരിപാടി സമാപിച്ചു.
പേരാമ്പ്ര ബിഎൽഎകെസി ബ്ലോക്ക് പഞ്ചായത്ത് ഹാളിലായിരുന്നു പരിശീലനം. ദ്വിദിന പരിശീലന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. മുഹമ്മദ് ഫൈസൽ പീരാൻ ഇഞ്ചി, കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധ വ്യഞ്ജന വിളകളിലെ കീട-രോഗ നിയന്ത്രണ മാർഗങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു.
പേരാമ്പ്ര ബ്ലോക്ക് കൃഷി അസി. ഡയറക്ടർ അഞ്ജലി എ ഹരി സുസ്ഥിര കൃഷിയിൽ സംയോജിത കീട നിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
നെല്ലിലെ വിവിധ സംയോജിത കീട-രോഗ നിയന്ത്രണ മാർഗങ്ങൾ, വിളകളിലെ അവശിഷ്ട വിഷാംശം എന്നിവയെക്കുറിച്ച് കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രം അസി. ഡയറക്ടർ എലിസബത്ത് ജയ തോമസ് ക്ലാസ് നയിച്ചു. ആഫ്രിക്കൻ ഒച്ചിന്റെ ഫലപ്രദമായ നിയന്ത്രണ മാർഗങ്ങളെ കുറിച്ച് ഡോ. പ്രെസ്റ്റി ജോൺ ക്ലാസ് നയിച്ചു.
വാഴ, തെങ്ങ് എന്നിവയുടെ പ്രധാന കീട-രോഗ ബാധകളും അവയുടെ സംയോജിത നിയന്ത്രണ മാർഗങ്ങളും സംബന്ധിച്ച് അസി. പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ ഡോ. രഞ്ചുമോൾ, രാകേഷ് എന്നിവർ വിശദീകരിച്ചു. കേന്ദ്ര കൃഷി മന്ത്രാലയം പുതുതായി വികസിപ്പിച്ച എൻപിഎസ്എസ് മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനവും കാർഷിക മേഖലയിലെ പ്രായോഗിക ഉപയോഗവും സയിന്റിഫിക് അസി. അഭിലാഷ് വിശദീകരിച്ചു.കൃഷി ഓഫീസർ ജിജോ ജോസഫ്, കോ - ഓർഡിനേറ്റർ സുരേന്ദ്രൻ പാലേരി എന്നിവർ പ്രസംഗിച്ചു.
Tags :