അണകാൽ സെറ്റിൽമെന്റിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം.
നെയ്യാർഡാം: അഗസ്ത്യവനത്തിൽ കാട്ടാന ചരിഞ്ഞു. കുറ്റിച്ചൽ പഞ്ചായത്തിലെ നെയ്യാർ വന്യജീവി സങ്കേതത്തിൽ വരുന്ന അണകാൽ സെറ്റിൽമെന്റിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സെറ്റിൽമെന്റിലെ താമസക്കാരാണ് കാട്ടാനയുടെ ജഡം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. ആനയുടെ മരണകാരണം വ്യക്തമല്ല. ഇതിനായുള്ള നടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പുറംനാട്ടിൽനിന്നും 20 കി.മീ അകലെയാണ് അണകാൽ ആദിവാസി സെറ്റിൽമെന്റ്. കുറച്ചുനാളുകളായി ജനങ്ങൾക്കു ഭീഷണിയായി മാറിയിരുന്നതാണ് ഈ കാട്ടാനയെന്ന് ആദിവാസികൾ വ്യക്തമാക്കി. പ്രദേശത്തെ കൃഷി വിളകൾ വ്യാപകമായി നശിപ്പിച്ചും വീടുകൾക്ക് കേടുപാടുകൾ വരുത്തിയും നടന്നിരുന്ന കാട്ടാനയാണിതെന്നും ആദിവാസികൾ പറയുന്നു. ആനയുടെ നിരന്തരമായ സാന്നിധ്യം സെറ്റിൽമെന്റിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചിരുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നതിനും കൃഷിയിടങ്ങളിലേക്കു പോകുന്നതിനും കഴിയാത്ത സാഹചര്യവുമുണ്ടായിരുന്നു.
അതിനിടെ, സെറ്റിൽമെന്റിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗശല്യവും മറ്റു പ്രയാസങ്ങളും നേരിട്ടു മനസിലാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവരടങ്ങിയ ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു. പ്രശ്നങ്ങളും ആശങ്കകളും വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംഘം അറിയിച്ചു.
Tags :