പുരയിടത്തിലേക്ക് വെള്ളം ഇരച്ചുകയറി കൃഷി നശിച്ച നിലയിൽ.
നെടുമങ്ങാട്: കോളജിനു സമീപത്തെ ട്രാൻസ്ഫോർമറിനു സമീപമുള്ള ചാല് ജെസിബി ഉപയോഗിച്ചു നികത്തിയതിനെ തുടർന്നു ശക്തമായ മഴയിൽ വെള്ളം റോഡ് കവിഞ്ഞൊഴുകി കൃഷിനാശം. ചെല്ലാംകോട് പുതുശേരിയിൽ പാട്ടത്തിനെടുത്ത സ്ഥലത്തു കൃഷി നടത്തിവന്ന രാജേന്ദ്രന്റെ പുരയിടത്തിലേക്ക് വെള്ളം ഇരച്ചുകയറിയാണു നാശനഷ്ടം സംഭവിച്ചത്. രാജേന്ദ്രനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി.
ചീര, മരിച്ചനി തുടങ്ങിയ വിളകളാണ് പൂർണമായും വെള്ളം കയറി നശിച്ചത്. മുൻകാലങ്ങളിൽ ശക്തമായ മഴ പെയ്താൽപോലും ഇത്തരത്തിൽ വെള്ളം പുരയിട ത്തിലേക്കു കയറുന്ന സാഹചര്യം ഉണ്ടായിരുന്നില്ലെന്നു രാജേന്ദ്രൻ വ്യക്തമാക്കി. ട്രാൻസ്ഫോർമറിനു സമീപത്തെ സ്വാഭാവിക നീരൊഴുക്കും ചാലും ജെസിബി ഉപയോഗിച്ചു നികത്തിയതാണ് വെള്ളം വഴിതിരിഞ്ഞു കൃഷിയിടത്തിലേക്ക് ഒഴുകാൻ കാരണമെന്നു നാട്ടുകാരും പറയുന്നു. അടിയന്തരമായി ഈ വിഷയത്തിൽ അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് കർഷകന്റെ ആവശ്യം.
Tags :