പ്രതീകാത്മക ചിത്രം
വടക്കാഞ്ചേരി: സിപിഎം ഏരിയ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സ്വർണപ്പണയം എടുക്കാനെന്ന പേരിൽ നിക്ഷേപകരിൽ നിന്ന് അഞ്ചു ലക്ഷം മുതൽ 50 ലക്ഷം വരെ സ്വീകരിച്ചെന്നാണ് ആരോപണം.
വൻ തുക പലിശ വാഗ്ദാനം ചെയ്തു കൊണ്ടാണ് മുണ്ടത്തിക്കോട് സ്വദേശിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ വ്യക്തി നിക്ഷേപത്തട്ടിപ്പിന് നേതൃത്വം നൽകിയിരിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സമാന മാതൃകയിൽ തെക്കുംകര പഞ്ചായത്തിലെ മലാക്കയിലും നിഷാന്ത് എന്ന ഡിവൈഎഫ്ഐ നേതാവ് നാലുകോടിയോളം രൂപ തട്ടിയെടുത്തതിന് വടക്കാഞ്ചേരി പൊലിസ് കേസെടുത്തിട്ടുണ്ട്.
വിഷയം പുറത്തറിഞ്ഞപ്പോൾ ഏരിയകമ്മിറ്റി അംഗത്തെ സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുകയാണ്.
വടക്കാഞ്ചേരിയിലെ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന വൻ സാമ്പത്തികത്തട്ടിപ്പ് അന്വേഷിക്കണമെന്നും എംഎൽഎ ഉൾപ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പരാതി നൽകും.
പണം നഷ്ടപ്പെട്ടവരെ ഉൾപ്പെടുത്തി എംഎൽഎ ഓഫീസ് മാർച്ച് സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, ഡിസിസി സെക്രട്ടറിമാരായ കെ.അജിത് കുമാർ, എൻ.ആർ. സതീശൻ, ഷാഹിദ റഹ്മാൻ, യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി പി.എൻ.വൈശാഖ് എന്നിവർ അറിയിച്ചു.
Tags :