അടൂർ: പ്രമുഖരുടെ സാന്നിധ്യമില്ലാത്ത പോരാട്ടത്തിൽ അടൂർ ആർക്കൊപ്പമെന്നതിനു അവസാന ലാപ്പിലും ഉത്തരമില്ല.
മുൻ മന്ത്രിമാരോ സിറ്റിംഗ് എംഎൽഎമാരോ കളത്തിലില്ലാത്ത ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവചനാതീതമായ ജനവിധിക്കായി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. 1965-ൽ മണ്ഡലം രൂപീകൃതമായത് മുതൽ അപ്രതീക്ഷിത ഫലങ്ങൾ കൊണ്ട് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച ചരിത്രമാണ് അടൂരിനുള്ളത്. ആ ചരിത്രം ഇത്തവണയും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് മുന്നണി നേതൃത്വങ്ങൾ.
വലതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന അടൂർ മണ്ഡലം പുനർ വിഭജനത്തിനുശേഷമുള്ള 2011 മുതലാണ് ഇടതുപക്ഷത്തിനൊപ്പം നിന്നത്. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ അവസാന റൗണ്ട് വരെ നീണ്ടുനിന്ന ഉദ്വേഗം ഇത്തവണയും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാവുക നിശബ്ദമായ രാഷ്ട്രീയ അടിയൊഴുക്കുകളായിരിക്കും. യുഡിഎഫിനുവേണ്ടി മത്സരിക്കുന്ന സി.വി. ശാന്തകുമാറും എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണനും നിയമസഭ മത്സരരംഗത്ത് പുതുമുഖങ്ങളാണ്. എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപന്റെ രണ്ടാം അങ്കമാണ്.
പ്രചാരണം ഹൈടെക്
വേനൽ കടുക്കുമ്പോഴും മണ്ഡലത്തിലെ രാഷ്ട്രീയ ചൂടിന് കുറവില്ല. വീടുവീടാന്തരമുള്ള പ്രചാരണവും സ്ക്വാഡ് പ്രവർത്തനങ്ങളും മൂന്ന് മുന്നണികളും സജീവമാക്കിയിട്ടുണ്ട്.
ചുവരെഴുത്തുകൾക്കും നോട്ടീസുകൾക്കും ഒപ്പം സ്ഥാനാർഥികളുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ പ്രഫഷണൽ പിആർ ഏജൻസികൾ കളം നിറഞ്ഞതോടെ അടൂർ നിയമസഭാ മണ്ഡലത്തിലെ പോര് അവസാന നിമിഷങ്ങളിൽ ആവേശത്തിമർപ്പിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അടൂരിൽ ഇക്കുറി എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഒരേപോലെ പ്രഫഷണൽ ടീമുകളെ രംഗത്തിറക്കിയിട്ടുണ്ട്.
പാരമ്പര്യ ശൈലിയും ആധുനിക സാങ്കേതിക വിദ്യയും സമ്മേളിക്കുന്ന ഒരു പോരാട്ടത്തിനാണ് അടൂർ ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. സ്ഥാനാർഥികൾ മൂവരുടെയും ശബ്ദ സന്ദേശങ്ങൾ അടങ്ങുന്ന മൊബൈൽ വോട്ടഭ്യർഥനയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
നേരത്തെ തന്നെ സജ്ജമാക്കിയ അഭ്യർഥനയിൽ മുന്നിൽ നിന്നത് എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണനാണ്. പിന്നാലെ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാറും എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപനും മൊബൈൽ സന്ദേശത്തിലൂടെ വോട്ട് അഭ്യർഥിച്ചെത്തി.
ഓരോ വോട്ടും നിർണായകം
2021ലെ തെരഞ്ഞെടുപ്പിന്റെ അവസനാഘട്ട പ്രചാരണത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപപമായിരുന്നു. നേരിയ വ്യത്യാസമാണ് അന്ന് എൽഡിഎഫ്, യുഡിഎഫ് വോട്ടുകളിലുണ്ടായത്. ഇത്തവണയും ആര് ജയിച്ചാലും അത് നേരിയ ഭൂരിപക്ഷത്തിനായിരിക്കും എന്ന വിലയിരുത്തലാണുള്ളത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നായി അടൂരിലെ പോരാട്ടം മാറിയിരിക്കുകയാണ്.
Tags : nattu vishesham Adur Fighting