തിരുവനന്തപുരം പൗരാവലി നൽകിയ സ്നേഹാദരവ് പരിപാടിയിൽനിന്ന്.
തിരുവനന്തപുരം: ജാതിമത ചിന്തകൾക്കതീതമായി കേരളത്തിൽ സേവനത്തിന്റെ ഒരു ജീവകാരുണ്യ സംഘടന രൂപീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ അഭിപ്രായപ്പെട്ടു.
യുണൈറ്റഡ് സേവ് ഫോറം എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച് അർഹരായവർക്ക് ജീവകരുണ്യ സേവനം ലഭ്യമാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് എല്ലാവരും പിന്തുണ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ അദ്ദേഹത്തിന് സംഘടിപ്പിച്ച സ്നേഹാദരവ് പരിപാടിയിൽ നന്ദി പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമബിരുദ കാലം മുതലുള്ള ബന്ധമാണ് തിരുവനന്തപുരത്തെ സുഹൃത്തുക്കളുമായുള്ളത്. ഇരുപത്തിയഞ്ച് വർഷക്കാലത്തെ തന്റെ നിയമസഭാംഗമെന്ന പ്രവർത്തനത്തിന് സ്വീകരണം ഒരുക്കിയ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളുടെയും സംസ്കാരവും നൻമയും നിറഞ്ഞ ത്യാഗോജലമായ പ്രവർത്തനങ്ങളോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സർക്കാർ രൂപീകരണ വേളയിൽ എല്ലാവരും തനിക്ക് പ്രമോഷൻ ലഭിക്കുമെന്ന് മന്ത്രിയാകുമെന്ന് ആഗ്രഹിച്ചിരുന്നു. എന്ത് കൊണ്ടാണെന്നറിയില്ല അത് ലഭിച്ചില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാർ രാജ്യത്തിന് മാതൃകയാകുന്ന പദ്ധതികളുമായി മുന്നോട്ടു പോകുകയാണ്. വയോജനവകുപ്പ് അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹാദരവ് പരിപാടി എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രസിഡന്റ് അഡ്വ. ഇരുന്പയിൽ വിജയൻ അധ്യക്ഷത വഹിച്ചു. ടി. ശരത് ചന്ദ്രപ്രസാദ്, സ്വാമി അശ്വതി തിരുനാൾ, സബീർ മൗലവി, പെരിങ്ങമ്മല അജി, രാമഭദ്രൻ, നെയ്യാറ്റിൻകര സനൽ, ബിജുകുമാർ, സ്വാമി ദത്താത്രേയ സായി സ്വരൂപ്, പാച്ചല്ലൂർ അബ്ദുൾ സമദ് മൗലവി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സംഘടനകൾ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
Tags :