ജയബാലകൃഷ്ണൻ തന്റെ തട്ടുകടയിൽ (ഫയൽ ചിത്രം).
കൊച്ചി: ഞായറാഴ്ച പുലര്‍ച്ചെ രണ്ടായപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു- "ഞാന്‍ ഇവിടെ നിന്ന് മാഞ്ഞാലിയിലെ വീട്ടിലേക്ക് ഇറങ്ങാന്‍ പോകുകയാണ്. നല്ല മഴയാണ്, അവിടെ മഴയുണ്ടോ'. ഇവിടെ മഴയില്ല, റോഡ് മോശമാണ് സൂക്ഷിച്ച് വരണമെന്നു പറഞ്ഞ് ഫോണ്‍ വച്ചതാണ്. പിന്നെ പുലര്‍ച്ചെ 3.45 ന് പൊലിസിന്റെ ഫോണ്‍ വന്നപ്പോഴും ഭര്‍ത്താവിന് ചെറിയ പരിക്കേറ്റെന്ന വിവരത്തിനപ്പുറം മറ്റൊന്നും ആ മനസ് സങ്കല്പിച്ചില്ല. എന്നാല്‍ ആ വിളി ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ അറിയിപ്പായിരുന്നുവെന്ന് തിരിച്ചറിയുമ്പോഴേക്കും ജയബാലകൃഷ്ണന്‍ മടങ്ങിവരാനാകാത്ത ലോകത്തേക്ക് യാത്രയായിരുന്നു- എറണാകുളം സൗത്ത് ചിറ്റൂരിലെ കൊച്ചുവീട്ടിലിരുന്ന് ആ രാത്രിയിലെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ബിന്ദുവിന്റെ വാക്കുകള്‍ മുറിഞ്ഞു.
പൊലിസിന്റെ വിളിയെത്തുടര്‍ന്ന് തിരികെ ബന്ധപ്പെട്ട് ജയബാലകൃഷ്ണനെ ഏത് ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് അന്വേഷിച്ചു. കളമശേരി മെഡിക്കല്‍ കോളജിലേക്കാണെന്ന മറുപടി കേട്ടപ്പോള്‍ എന്തോ വലിയ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മനസ് പറഞ്ഞു. പക്ഷേ, അദ്ദേഹം തങ്ങളെ വിട്ടുപോയെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്തയെക്കുറിച്ച് പറഞ്ഞ് ബിന്ദു പൊട്ടിക്കരഞ്ഞു. അമ്മയെ കെട്ടിപ്പിടിച്ച് മക്കളായ ഭരത് ശങ്കറും ഭദ്രകീര്ത്തിയും ഭാഗ്യദര്ശനും കരഞ്ഞതോടെ ആ വീട്ടിലെ ദുഃഖം കണ്ടുനിന്നവരിലേക്കും പടര്‍ന്നു.
\വ്യാഴാഴ്ചയാണ് ബിന്ദു അവസാനമായി ഭര്‍ത്താവിനെ നേരില്‍ കണ്ടത്. തുടര്‍ച്ചയായ രാത്രിമഴയും ഇടിയും കാരണം മാഞ്ഞാലിയിലെ വീട്ടിലേക്ക് വരേണ്ടെന്നും ചിറ്റൂരിലെ വീട്ടില്‍ത്തന്നെ തങ്ങണമെന്നും പറഞ്ഞത് ബിന്ദുവായിരുന്നു. മരണദിവസം വൈകിട്ട് നാലോടെ ജയബാലകൃഷ്ണന്‍ വീണ്ടും വിളിച്ചു. ബിന്ദു കടയിലേക്ക് വരുന്നുണ്ടോയെന്നായിരുന്നു ചോദ്യം. കാലിന് സുഖമില്ലാത്തതിനാല്‍ രണ്ടുമാസമായി ബിന്ദു തട്ടുകടയില്‍ പോകാറില്ല. പകരം മൂത്തമകനാണ് അച്ഛനെ സഹായിച്ചിരുന്നത്.
ഞായറാഴ്ച ഒരു വിവാഹത്തിന് പോകാനുള്ള വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് വയ്ക്കാനും ജയബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അതും ബിന്ദു ചെയ്തുവച്ചു. ഒരുമിച്ച് പങ്കെടുക്കാനിരുന്ന വിവാഹച്ചടങ്ങ്, യാത്രയ്ക്കായി ഒരുക്കിവച്ച വസ്ത്രങ്ങള്‍, പതിവുപോലെ വീണ്ടും കാണാമെന്ന പ്രതീക്ഷ -എല്ലാം ഒരു രാത്രികൊണ്ട് ഇല്ലാതായി.
അച്ഛന് പോയി അമ്മേ... ഹൈദരാബാദില്‍ ജോലി ചെയ്യുന്ന മകള്‍ ഭദ്രകീര്ത്തിയുടെ ആ ഫോണ്‍വിളി ഓര്‍ത്തെടുക്കുമ്പോള്‍ ബിന്ദുവിന്റെ മുഖത്ത് ഇപ്പോഴും നടുക്കമാണ്. വര്‍ഷങ്ങളായി ജയബാലകൃഷ്ണനൊപ്പം തട്ടുകടയില്‍ സഹായിയായി നിന്നത് ബിന്ദുവായിരുന്നു. ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ക്കിടയിലും തട്ടുകടയില്‍നിന്നുള്ള വരുമാനംകൊണ്ട് മൂന്നു മക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്കാന് ഇരുവരും കഠിനാധ്വാനം ചെയ്തു. വാടകയ്ക്ക് താമസിച്ചിരുന്ന വീട് എട്ടുവര്‍ഷം മുമ്പ് തവണകളായി പണം നല്കി സ്വന്തമാക്കിയതും ജയബാലകൃഷ്ണന്റെ അധ്വാനത്തിന്റെ ഫലമായിരുന്നു.
ഭാര്യയും മക്കളുമായിരുന്നു അദ്ദേഹത്തിന്റെ ലോകം. ഒരു ദിവസംപോലും തട്ടുകട അടച്ച് എവിടെയെങ്കിലും യാത്ര പോകുന്ന പതിവില്ലായിരുന്നു. മക്കള്‍ക്ക് ചെറിയ ജോലികള്‍ ലഭിച്ചെങ്കിലും കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗം തട്ടുകട തന്നെയായിരുന്നു.
സാമ്പത്തികനില മെച്ചപ്പെടുമ്പോള്‍ കുടുംബത്തോടൊപ്പം പല സ്ഥലങ്ങളും സന്ദര്‍ശിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. വര്‍ഷങ്ങളായുള്ള അധ്വാനത്തിനിടയില്‍ മാറ്റിവച്ച സന്തോഷങ്ങളെ ഒരിക്കല്‍ കുടുംബത്തോടൊപ്പം അനുഭവിക്കാമെന്ന പ്രതീക്ഷ.
വിമാനത്തില്‍ കയറണമെന്ന ആഗ്രഹം ജയബാലകൃഷ്ണന്‍ മകളോടു പറഞ്ഞിരുന്നു. അടുത്ത ഡിസംബറില്‍ അച്ഛനെയും അമ്മയെയും വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിക്കണമെന്നായിരുന്നു ഭദ്രകീര്ത്തിയുടെ ആഗ്രഹം. അതിനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഒരുക്കത്തിലുമായിരുന്നു മകള്‍. ഇപ്പോള്‍ ഈ കുടുംബത്തിന് മുന്നില്‍ ബാക്കിയുള്ളത് ഒരുപിടി ഓര്‍മകളും പൂര്‍ത്തിയാകാതെ പോയ സ്വപ്നവുമാണ്.
Tags :