ഡിജിത്ത് പൈലി
ഹരിപ്പാട്: റെയിൽവേ ലെവൽക്രോസിൽ സ്കൂട്ടർ യാത്രക്കാരൻ ബോധരഹിതനായി വീണപ്പോൾ, മിന്നൽ വേഗത്തിൽ രക്ഷാപ്രവർത്തനവുമായി രംഗത്തെത്തിയ ആംബുലൻസ് ഡ്രൈവറുടെ ഇടപെടൽ ഒരു ജീവൻ രക്ഷിച്ചു. പള്ളിപ്പാട് സ്വദേശി മധു (49) ആണ് അപകടത്തിൽപ്പെട്ടത്. ഏകനാഥൻ കാരുണ്യ ചാരിറ്റി ആംബുലൻസ് ഡ്രൈവറും ജില്ലാ ദുരന്തനിവാരണ സേനാംഗവുമായ ഡിജിത്ത് പൈലിയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് മധു മരണമുഖത്തുനിന്നു രക്ഷപ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഹരിപ്പാട് ആർകെ ജംഗ്ഷനു സമീപമുള്ള ലെവൽക്രോസിലായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മധു, റെയിൽവേ ഗേറ്റിനു സമീപമെത്തിയപ്പോൾ പെട്ടെന്ന് ബോധരഹിതനായി താഴെ വീഴുകയായിരുന്നു. ഈ സമയം തൊട്ടുപിന്നാലെ ബൈക്കിൽ വരികയായിരുന്ന ഡിജിത്ത് പൈലി ഒട്ടും സമയം കളയാതെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഗേറ്റ് കീപ്പറുടെ മുറിയിൽനിന്ന് കസേര എത്തിച്ച് മധുവിനെ അതിൽ ഇരുത്തുകയും ഉടൻ തന്നെ പ്രാഥമിക ചികിത്സയായ സിപിആർ നൽകുകയും ചെയ്തു. ഡിജിത്തിന്റെ കൃത്യസമയത്തുള്ള ഈ ഇടപെടൽ മധുവിന്റെ ഹൃദയമിടിപ്പും ശ്വസനവും നിലനിർത്തുന്നതിൽ നിർണായകമായി. തുടർന്ന് ഉടൻ തന്നെ ആംബുലൻസ് വിളിച്ചുവരുത്തി ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു.