കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചിത്വ അംബാസഡർമാരുടെ പ്രഖ്യാപന പരിപാടി മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ശുചിത്വ പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മാലിന്യമുക്ത നഗരമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി കോർപറേഷന്റെ നേതൃത്വത്തിൽ ശുചിത്വ അംബാസഡർമാരുടെ പ്രഖ്യാപന പരിപാടിയും ശുചിത്വരാഗ മത്സരവും തെരുവുനാടക മത്സരവും സംഘടിപ്പിച്ചു.
ജവഹർ ബാലഭവനിൽ മേയർ ഡോ. നിജി ജസ്റ്റിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിനിമാതാരം ലെന, ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ എന്നിവരെ കോർപറേഷന്റെ ശുചിത്വ അംബാസിഡർമാരായി പ്രഖ്യാപിച്ചു. തുടർന്ന് നിർമലം ലോഗോ പ്രകാശനവും നടന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.ആർ.സന്തോഷ്, മേഫി ഡെൽസൺ, വില്ലി വിജോ, കൗൺസിലർമാരായ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള, സുനിത വിനു, ഹാരിഷ്, വിബിത വാസു, വിൻഷി അരുൺ, കോർപറേഷൻ സെക്രട്ടറി ഷിബു തുടങ്ങിയവർ പങ്കെടുത്തു.
ശുചിത്വ രാഗ മത്സരത്തിൽ (സീനിയർ വിഭാഗം) അനൂപ് റോബിൻ ഒന്നാം സ്ഥാനവും എസ്. സൂര്യ, രാമചന്ദ്രമേനോൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. സ്കൂൾ വിഭാഗത്തിൽ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ ഒന്നാം സ്ഥാനവും പള്ളോട്ടി സെന്റ് വിൻസെന്റ് സ്കൂൾ, മിഷ്യൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ് സിഎൽപിഎസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
തെരുവ് നാടക മത്സരത്തിൽ സേക്രട്ട് ഹാർട്ട് സ്കൂൾ, ചേലക്കോട്ടുകര മാർ തിമോത്തിയോസ് ഹൈസ്കൂൾ, ചിയ്യാരം സെന്റ് മേരീസ് യുപിഎസ് സ്കൂൾ എന്നിവയ്ക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ.
Tags :