അറസ്റ്റിലായ ശ്രീരാജ്, ഷാരാജ് പി. സുരേഷ്
കടുത്തുരുത്തി: പുതിയ ഓട്ടോറിക്ഷകള്‍ മറ്റു ഷോറൂമകളിലെതിനെക്കാള് വിലകുറച്ചു നല്‍കുമെന്ന് വാഗ്ദാനം നല്കി നിരവധി ആളുകളില്‍നിന്ന് പണം വാങ്ങിയശേഷം വണ്ടി നല്‍കാതിരുന്ന സംഭവത്തില്‍ രണ്ടുപേരെ കടുത്തുരുത്തി പൊലിസ് അറസ്റ്റ് ചെയ്തു.
കോതനല്ലൂരില്‍ രുദ്ര മോട്ടോഴ്സ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് ആളുകളില്‍നിന്നും പണം വാങ്ങിയെതന്ന് പൊലിസ് പറഞ്ഞു. സംഭവുമായി ബന്ധപെട്ട് കേസിലെ രണ്ടാം പ്രതി കൂടപ്പുലം സ്വദേശി ശ്രീരാജ് (32) നെ ആദ്യം പൊലി സ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ കടയിലെ ജീവനക്കാരനാണ്. ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയും സ്ഥാപന ഉടമയുമായ വെമ്പിള്ളി സ്വദേശി പറക്കുന്നേല്‍ ഷാരാജ് പി. സുരേഷ് (33) നെ പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തു.
കോതനല്ലൂരിലെ രുദ്ര മോട്ടോഴ്സ് എന്ന പേരില്‍ സ്ഥാപനം നടത്തിയായിരുന്നു ഇവര്‍ പുതിയ ഓട്ടോറിക്ഷ മറ്റു ഷോറൂമകളിലെക്കാള് വില കുറച്ചു നല്‍കാമെന്ന വാഗ്ദാനം നല്കി ആളുകളില്‍നിന്ന് പണം വാങ്ങിയത്.
കട്ടപ്പന സ്വദേശി നിധിന്, ചങ്ങനാശേരി സ്വദേശി ജെയിംസ് ഫ്രാന്‍സിസും ഉൾപ്പടെ ആറ് പേരാണ് പണം നഷ്ടപെട്ടതായി കാണിച്ചു കടുത്തുരുത്തി പൊലിസില്‍ പരാതി നല്‍കിയത്. ഇടുക്കി തോപ്രാംകുടി സ്വദേശി നാട്ടിലെ ഷോറൂമില്‍ തിരക്കിയപ്പോള്‍ 3.40 ലക്ഷം മുതലുള്ള വിലകളാണ് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോതനല്ലൂരിലെ ഷോറൂമില്‍ കുറഞ്ഞ വില പറഞ്ഞതോടെ കഴിഞ്ഞ മാസം അഞ്ചിന് ഇവിടുത്തെ ഷോറൂമിലെത്തി 2.98 ലക്ഷം രൂപ പണമായി അടയ്ക്കകുയായിരുന്നുവെന്ന് പറഞ്ഞു.
20-ാം തീയതി വണ്ടി തരാമെന്നായിരുന്നു വാഗ്ദാനം. 18ന് ഇവര്‍ ഷോറൂമിലെത്തി കാര്യങ്ങള്‍ തിരക്കി. നാല് ദിവസത്തിനകം വണ്ടി തരാമെന്ന മറുപടിയാണ് അന്ന് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സംശയം തോന്നിയ ഇവര്‍ പണം തിരിച്ചു തരാന്‍ ആവശ്യപെട്ടു.
അതോടെ നാല് വര്‍ക്കിംഗ് ദിവസത്തിനുള്ളില്‍ പണം നല്കാമെന്നായി. ഇതിനിടെ വണ്ടി വീട്ടിലെത്തിച്ചു തരാമെന്നും പറഞ്ഞു. പിന്നീട് ചോദിച്ചപ്പോൾ കട്ടപ്പനയ്ക്കു വണ്ടി പോയിട്ടുണ്ടെന്നും വണ്ടിയുടെ ചേസിസ് നമ്പരും മൊബൈലില്‍ അയച്ചു കൊടുത്തു.
സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ ഇവര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ചങ്ങനാശേരി സ്വദേശി പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറായിട്ടാണ് നല്‍കിയതെന്ന് പറഞ്ഞു. എല്ലാവര്ക്കും അവരുടെതാണെന്ന് കാണിച്ചു ഒരേ ചേസിസ് നമ്പര്‍ തന്നെ അയച്ചു കൊടുത്തതായും പറയുന്നു.
ഇതേസമയം സാമ്പത്തികമായി നടത്തിയ തിരിമറികളാണ് വാഹനം സമയത്ത് കൊടുക്കാനാവാതെ വന്നതിന് കാരണമെന്നും പറയുന്നു. ഉദേശിച്ച സമയത്ത് മറിച്ച പണം കണ്ടെത്താനാവാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും ബന്ധുക്കള്‍ പറയുന്നതായി പൊലിസ് പറഞ്ഞു.