പ്രതീകാത്മക ചിത്രം
കൊല്ലം: അഭിഭാഷകനായ ബോറിസ് പോള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലും അതിനെത്തുടര്‍ന്നുണ്ടായ കോടതിയലക്ഷ്യ ഹര്‍ജിയിലും അഷ്ടമുടിക്കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനെ രൂക്ഷമായി ശകാരിച്ചു.
അന്താരാഷ്ട്ര പ്രാധാന്യമുള്ള (റാംസര്‍ സൈറ്റ്) അഷ്ടമുടിക്കായലിലെ വന്‍തോതിലുള്ള കൈയേറ്റങ്ങളും മലിനീകരണവും തടയുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയും കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിലെ കടുത്ത കാലതാമസവുമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
കായല്‍ സംരക്ഷണത്തിനായി ഒരു പ്രത്യേക ‘അഷ്ടമുടി തണ്ണീര്‍ത്തട മാനേജ്മെന്റ് യൂണിറ്റ്' രൂപീകരിക്കാനും പൊതുജനങ്ങള്‍ക്ക് കായല്‍ മലിനീകരണത്തെക്കുറിച്ച് പരാതിപ്പെടാന്‍ വെബ്സൈറ്റും പ്രത്യേക സംവിധാനവും ഒരുക്കാനും ഹൈക്കോടതി നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു.
എന്നാല്‍ ഉത്തരവ് വന്ന് ഒരു വര്‍ഷത്തോളമായിട്ടും ഇത് പൂര്‍ണമായി നടപ്പിലാക്കാത്തതിനെ കോടതി ശക്തമായി വിമര്‍ശിച്ചു. ഭരണമാറ്റവും മറ്റ് സാങ്കേതിക കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
എന്നാല്‍, കോടതി വിധിവന്നിട്ട് മാസങ്ങളായിട്ടും തണ്ണീര്‍ത്തട മാനേജ്മെന്റ് യൂണിറ്റ് പേപ്പറില്‍ മാത്രം ഒതുങ്ങുന്നതിലും അതിന്റെ ഓഫീസ് പോലും പൂര്‍ണമായി പ്രവര്ത്തനസജ്ജമാക്കാത്തതിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതി വിധികള്‍ വെറും പേപ്പറില്‍ ഒതുക്കാനുള്ളതല്ലെന്ന് ഡിവിഷന് ബെഞ്ച് ഓര്‍മിപ്പിച്ചു. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ അഷ്ടമുടിക്കായല്‍ നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധികള്‍ കോടതിക്ക് മുന്നിലെത്തുകയും ഇതില്‍ അടിയന്തര നടപടിയില്ലാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഉത്തരവുകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാരിന് അവസാനമായി നാലു ആഴ്ചത്തെ സമയം കൂടി മാത്രമാണ് കോടതി അനുവദിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ കൃത്യമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു.ഹര്‍ജി സമര്‍പ്പിച്ച അഡ്വ. ബോറിസ് പോളിന് വേണ്ടി അഡ്വ.അജ്മല്‍ എ. കരുനാഗപ്പള്ളി ഹാജരായി.
Tags : Nattuvishesham LocalNews