അറസ്റ്റിലായ പ്രതികൾ
ആറ്റിങ്ങൽ: സദാചാര പോലീസ് ചമഞ്ഞു യുവാവിനെ തടഞ്ഞുനിർത്തി അതിക്രൂരമായി മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. അലംകോട് മണ്ണൂർ ഭാഗം കണിയാംകുന്ന് വീട്ടിൽ രഞ്ജിത്ത് (42), അലംകോട് മണ്ണൂർ ഭാഗം വയലിൽ വീട്ടിൽ രാഹുൽ (37), കിളിമാനൂർ സ്വദേശി ആൽബിൻ എന്നിവരാണ് പിടിയിലായത്.
ആറ്റിങ്ങൽ മണ്ണൂർ ഭാഗം വഞ്ചിയൂരുള്ള മിഥുനെ മർദിച്ചവശനാക്കിയ സംഭവത്തിലായിരുന്നു അറസ്റ്റ്. പത്തിനു രാത്രി ഒന്പതോടെ മണ്ണൂർ ഭാഗത്തുവച്ച് സുഹൃത്തിന്റെ ഭാര്യയെ മുല്ലശ്ശേരിയിലുള്ള വീട്ടിൽ കൊണ്ടാക്കുന്നതിനായി കാറിൽ വരുമ്പോഴാണു കണ്ടാലറിയാവുന്ന ആറുപേർ ചേർന്നു മാർഗതടസം സൃഷ്ടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. അതു ചോദ്യം ചെയ്ത മിഥുന്റെ തലയിൽ കമ്പികൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. മിഥുൻ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയെങ്കിലും അവരെയും പ്രതികൾ അക്രമിച്ചു. അടിപിടിയിൽ മിഥുന്റെ സ്വർണമാലയും 20000 രൂപയും നഷ്ടപ്പെട്ടു. തുടർന്ന് മിഥുൻ ആറ്റിങ്ങൽ പൊലിസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികൾ പിടിയിലായത്. ബാക്കിയുള്ള പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ എസ്എച്ച്ഒ വി.കെ. ശ്രീജേഷ്, സബ് ഇൻസ് പെക്ടർ കെ.എസ്. സുദർശനൻ, എഎസ്ഐ വി.വി. ജ്യോതിഷ് കുമാർ, പോലീസുകാരായ നിതിൻ ഉണ്ണികൃഷ്ണൻ, അനന്ദു, അഭിജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Tags : Accused arrested NattuVishasham DistrictNews