മാന്നാർ: യുവതിയെ അക്രമിച്ച നാലു യുവാക്കളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല കാരാഴ്മ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുൻവശം ശ്രീകൃഷ്ണജയന്തി ദിനത്തിൽ നടന്ന ഉറിയടിയിൽ ഉറിയിൽ നിന്നും വീണ മിഠായി എടുത്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മർദനത്തിലും സ്ത്രീത്വത്തെ അപമാനിക്കലിലും കലാശിച്ചത്.
ചെന്നിത്തല നാമ്പോഴിൽ പ്രമോദ് (43), ചെന്നിത്തല ഐശ്വര്യ വീട്ടിൽ ബിനു (47), കാരാഴ്മ വാരോട്ടിൽ സജി (35), കാരാഴ്മ പൗവ്വത്തിൽ സുനിൽകുമാർ (43), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല സ്വദേശിനിയായ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാത്രി എട്ടോടെ കാരാഴ്മ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുൻവശം നടന്ന ഉറിയടിയിൽ പൊട്ടിവീണ മിഠായി എടുക്കുന്നതിനിടെ യുവതിയുടെ സഹോദരനെയും സുഹൃത്തുക്കളെയും പ്രതികൾ കൂട്ടം ചേർന്ന് മർദിച്ചു. ഇത് കണ്ട യുവതി സഹോദരനെയും സുഹൃത്തുക്കളെയും രക്ഷിക്കുന്നതിനായി തടസം പിടിക്കുകയും ചെയ്തു.
ഈ സമയം പ്രതികൾ യുവതിയെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ നടത്തുകയും ദേഹത്ത് കിടന്ന ഷാൾ വലിച്ചു കീറുകയും യുവതിയുടെ ഇടതു കൈയിൽ പിടിച്ച് തിരിച്ചതായും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതിയിൽ മാന്നാർ സിഐ ഇ. അജീബിന്റെ നിർദേശ പ്രകാരം മാന്നാർ എസ്എച്ച്ഒ അജിതിന്റെ നേതൃത്വത്തിൽ എസ്ഐ പ്രദീപ് ലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, കൃഷ്ണകുമാർ, സിപിഒ സുമേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.